പരിധിവിട്ട് റേഡിയേഷൻ; ഐഫോണ്‍ 12 വില്പന തടഞ്ഞ് ഫ്രഞ്ച് സര്‍ക്കാര്‍
Friday, September 15, 2023 3:55 AM IST
പാരീസ്: ഐഫോണ്‍ 12ന്റെ വില്പന നിർത്തിവയ്ക്കാൻ ഫ്രഞ്ച് സർക്കാർ ആപ്പിളിനോട് ആവശ്യപ്പെട്ടു. ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്റെ അളവ് പരിധിവിട്ടതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. ആപ്പിൾ പുതിയ ഐഫോണ്‍ 15 സീരീസുകൾ പുറത്തിറക്കിയ അതേദിനംതന്നെയാണ് ഫ്രഞ്ച് സർക്കാരിന്റെ നടപടിയെന്നതും ശ്രദ്ധേയം.
നിലവിൽ ഉപയോഗിക്കുന്ന ഫോണുകളിൽ ഈ പ്രശ്നമുണ്ടെങ്കിൽ ഉടൻ പരിഹാരം കാണാനും ആപ്പിളിനോട് ഫ്രഞ്ച് നിരീക്ഷണ സ്ഥാപനമായ എഎൻഎഫ്ആർ നിർദേശിച്ചു. സോഫ്റ്റ്വേർ അപ്ഡേറ്റിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അതിനു സാധിച്ചില്ലെങ്കിൽ ഈ സീരീസിലുള്ള ഫോണുകളെല്ലാം രാജ്യത്തു തിരികെ വിളിക്കണമെന്നും എഎൻഎഫ്ആർ ആവശ്യപ്പെട്ടിട്ടുണ്ട്.
2020ൽ പുറത്തിറക്കിയ ഐഫോണ്‍ 12 ഇപ്പോഴും ലോക വിപണിയിൽ വിറ്റഴിക്കുന്നുണ്ട്. സർക്കാർ നിർദേശത്തോടു പ്രതികരിക്കാൻ ആപ്പിളിനു രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് ഡിജിറ്റൽ മന്ത്രി ഴൊൻ നോയൽ ബാരറ്റ് പറഞ്ഞു.