ചെന്പട വന്പ്, സിറ്റി വെട്ടിൽ
Monday, August 19, 2019 12:17 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2019-20 സീസണിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ചാന്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിന്റെ വന്പൻ പ്രകടനം. എവേ പോരാട്ടത്തിൽ സതാംപ്ടണെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ചെന്പട കീഴടക്കിയത്. പ്രീമിയർ ലീഗ് കാലഘട്ടത്തിൽ ലിവർപൂൾ സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. അതേസമയം, നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി സ്വന്തം തട്ടകത്തിൽവച്ച് ടോട്ടനത്തോട് 2-2 സമനില വഴങ്ങി. ഇഞ്ചുറി ടൈമിൽ ഗോൾ നേടിയെങ്കിലും വിഎആറിലൂടെ അത് നിഷേധിക്കപ്പെട്ടതാണ് സിറ്റിയെ സമനിലയിൽ കുടുക്കിയത്.
സതാംപ്ടണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സാദിയോ മാനെ (45+1-ാം മിനിറ്റ്), റോബർട്ടോ ഫിർമിനോ (71-ാം മിനിറ്റ്) എന്നിവർ ചെന്പടയ്ക്കായി ഗോൾ നേടി. 83-ാം മിനിറ്റിൽ പ്രതിരോധ താരം വാൻഡിക്കിന്റെ ബാക്ക് പാസ് അടിച്ചകറ്റുന്നതിൽ ഗോളി അഡ്രിയാൻ പരാജയപ്പെട്ടതോടെ ലഭിച്ച പന്ത് വലയിലാക്കി ഡാനി ഇംഗ്സ് സതാംപ്ടണിനായി ഒരു ഗോൾ മടക്കി.
റഹീം സ്റ്റെർലിംഗ് (20-ാം മിനിറ്റ്), സെർജ്യോ അഗ്വെയ്റോ (35-ാം മിനിറ്റ്) എന്നിവർ സിറ്റിക്കായി ഗോൾ നേടി. എറിക് ലമേല (23-ാം മിനി, ലൂക്കാസ് മൗറ (56-ാം മിനിറ്റ്) എന്നിവർ ടോട്ടനത്തെ ഒപ്പമെത്തിച്ചു.
വിഎആറും അഗ്യൂറോയും
ടോട്ടനംഹോട്സപറിനെതിരായ മത്സരത്തിന്റെ 90+1ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് ലഭിച്ച പന്ത് മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസസ് വലയിലാക്കിയതായിരുന്നു. എന്നാൽ, പന്ത് ഗബ്രിയേൽ ജീസസിനു ലഭിക്കുന്നതിനു മുന്പ് സിറ്റിയുടെ എയ്മെറിക് ലാപോർടെയുടെ കൈയിൽ കൊണ്ടതായി വിഎആറിലൂടെ വിധി വന്നു. മത്സരത്തിന്റെ 66-ാം മിനിറ്റിൽ തന്നെ പിൻവലിച്ച പെപ് ഗ്വാർഡിയോളയുമായി ലൈനിൽവച്ച് അഗ്വെയ്റോ രൂക്ഷമായ വാക്കേറ്റം നടത്തി.