ചെസ് ലോകകപ്പ്: ആദ്യ മത്സരം ജയിച്ച് നിഹാൽ
Tuesday, September 10, 2019 11:33 PM IST
തൃശൂർ: റഷ്യയിലെ ഹാന്റി മാൻസിസ്കിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ താരം ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനു ജയം. പെറൂവിയൻ ഗ്രാൻഡ്മാസ്റ്റർ ജോർജ് കോറിയെ ആണ് നിഹാൽ തോൽപിച്ചത്. 57 നീക്കങ്ങൾക്കൊടുവിലായിരുന്നു നിഹാലിന്റെ ജയം.
അരങ്ങേറ്റ ചെസ് ലോകകപ്പാണ് തൃശൂർ സ്വദേശിയായ നിഹാൽ സരിന്റേത്. ഏഷ്യൻ കോണ്ടിനെന്റൽ ഓപ്പണ്‍ ചെസിൽ നടത്തിയ മികച്ച പ്രകടനമാണ് നിഹാലിനു ലോകകപ്പ് യോഗ്യതയിലേക്കു വഴികാട്ടിയത്. ടൂർണമെന്റിൽ ബ്ലിറ്റ്സ് വിഭാഗം ജേതാവായിരുന്നു നിഹാൽ. നിഹാലിനു പുറമേ മലയാളിയായ എസ്.എൽ. നാരായണനും ലോകകപ്പിൽ ഇന്ത്യക്കായി കളിക്കുന്നുണ്ട്. 15 വയസുകാരനായ നിഹാൽ സരിൻ ഫിഡെ റേറ്റിംഗിൽ 2610 പോയിന്റുള്ള താരമാണ്. ലോക റാങ്കിംഗിൽ 206 ഉം ദേശീയ റാങ്കിംഗിൽ പതിനൊന്നുമാണ് നിഹാലിന്റെ സ്ഥാനം.