ദിമിതർ ബെർബറ്റോവ് വിരമിച്ചു
Friday, September 20, 2019 11:05 PM IST
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ബൾഗേറിയൻ മുൻ താരം ദിമിതർ ബെർബറ്റോവ് ഫുട്ബോളിൽനിന്ന് വിരമിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗ്ലാമർ ടീമായ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമായിരുന്നു. 20 വർഷത്തെ കരിയറിനാണ് ബൾഗേറിയൻ താരം അവസാനം കുറിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ബെർബറ്റോവ് വിരമിക്കൽ തീരുമാനം അറിയിച്ചത്.
1998ൽ ബൾഗേറിയൻ ക്ലബ്ബായ സിഎസ്കെഎ സോഫിയയിലൂടെയാണ് ബെർബറ്റോവിന്റെ ക്ലബ് കരിയർ തുടങ്ങിയത്. 2008 മുതൽ 2012വരെയായി 108 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബൂട്ട് കെട്ടി. 48 ഗോളും സ്വന്തമാക്കി. 2017ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ തരം ഒന്പത് മത്സരങ്ങൾ മാത്രമാണ് കളിച്ചത്, 2018ൽ ക്ലബ് വിട്ടു. ബയേർ ലെവർക്കുസൻ, ടോട്ടൻഹാം എന്നീ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്. ബൾഗേറിയയ്ക്കായി 78 മത്സരങ്ങളിൽനിന്ന് 48 ഗോൾ സ്വന്തമാക്കി.