2020 ഫ്രഞ്ച് ഓപ്പണിനുണ്ടാകും: ഫെഡറർ
Thursday, October 17, 2019 11:49 PM IST
അടുത്ത വർഷം പാരീസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പണിൽ താൻ പങ്കെടുക്കുമെന്ന് സ്വിറ്റ്സർലൻഡ് ഇതിഹാസ ടെന്നീസ് താരം റോജർ ഫെഡറർ. മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം ഈ വർഷമാണ് ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ മത്സരിക്കാനെത്തിയത്. അടുത്ത വർഷം ടോക്കിയോയിൽ നടക്കുന്ന ഒളിന്പിക്സിലും താനുണ്ടാകുമെന്ന് സ്വിസ് താരം അറിയിച്ചു. ഒളിന്പിക്സിൽ പുരുഷ സിംഗിൾസ് സ്വർണം നേടാൻ ഇതുവരെ ഫെഡററിനു സാധിച്ചിട്ടില്ല. താരത്തിനു സ്വന്തമാക്കാൻ സാധിക്കാത്ത ഏക പ്രധാന മെഡലും അതാണ്.
ഫ്രഞ്ച് ഓപ്പണിനു മുന്പ് ഒരുപക്ഷേ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ടെന്നും മുപ്പത്തെട്ടുകാരനായ താരം പറഞ്ഞു. 20 ഗ്രാൻസ്ലാം സ്വന്തം പേരിലുള്ള ഫെഡറർ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ സെമിയിൽ എത്തിയിരുന്നു.