റോസ് ടെയ്ലർ @ 100
Friday, February 21, 2020 11:24 PM IST
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇറങ്ങിയതോടെ ന്യൂസിലൻഡിന്റെ വിശ്വസ്ത ബാറ്റ്സ്മാനായ റോസ് ടെയ്ലർ റിക്കാർഡ് കുറിച്ചു.
ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 100 രാജ്യാന്തര മത്സരം തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന റിക്കാർഡാണ് ടെയ്ലർ കുറിച്ചത്. ട്വന്റി-20യിൽ ഇന്ത്യക്കെതിരായ പരന്പരയിലായിരുന്നു ടെയ്ലർ 100-ാം മത്സരം പൂർത്തിയാക്കിയത്. ടെസ്റ്റിൽ കിവീസ് താരത്തിന്റെ 100 മത്സരമാണ് ഇന്ത്യക്കെതിരേ ഇന്നലെ വെല്ലിംഗ്ടണിൽ ആരംഭിച്ചത്. മത്സരത്തിനു മുന്പ് ദേശീയ ഗാനത്തിനായി മക്കൾക്കൊപ്പമാണ് ടെയ്ലർ മൈതാനത്ത് എത്തിയത്.
100 ടെസ്റ്റ് കളിക്കുന്ന നാലാമത് ന്യൂസിലൻഡ് താരവുമായി ടെയ്ലർ. ഡാനിയേൽ വെട്ടോറി, ബ്രണ്ടൻ മക്കല്ലം, സ്റ്റീഫൻ ഫ്ളെമിംഗ് എന്നിവരാണ് കിവീസിനായി 100 ടെസ്റ്റ് പൂർത്തിയാക്കിയവർ. 100-ാം മത്സരത്തിനു മുന്പ് ന്യൂസിലൻഡ് ക്രിക്കറ്റ് കൂട്ടായ്മ ടെയ്ലർക്ക് 100 ബോട്ടിൽ വൈൻ സമ്മാനിച്ചു.