കൊറോണയ്ക്കു മരുന്നുകണ്ടുപിടിക്കും, മണ്ടത്തരത്തിനോ?
Tuesday, April 7, 2020 12:09 AM IST
മുംബൈ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനങ്ങൾ വീട്ടിലിരുന്ന് ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നടപ്പിലാക്കാൻ തെരുവിലിറങ്ങിയവർക്കെതിരേ ആഞ്ഞടിച്ച് ക്രിക്കറ്റ് താരം രോഹിത് ശർമ, മുൻ താരങ്ങളായ ഹർഭജൻ സിംഗ്, ഗൗതം ഗംഭീർ, തുടങ്ങിയവർ രംഗത്ത്. ലോക്ക് ഡൗണ്‍ ലംഘിച്ച് പന്തം കൊളുത്തിയും പടക്കം പൊട്ടിച്ചും ജനങ്ങൾ തെരുവിൽ ആഘോഷം നടത്തിയതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് ഹർഭജൻ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: കൊറോണ സുഖപ്പെടുത്താനുള്ള മരുന്ന് നമ്മൾ കണ്ടുപിടിക്കും പക്ഷേ, ഈ മണ്ടത്തരത്തിന് എന്ത് മരുന്നാണുള്ളത്.
ഇന്ത്യക്കാർ വീടിനുള്ളിൽത്തന്നെ ഇരിക്കണം. നിർണായക പോരാട്ടത്തിലാണ് നാമുള്ളത്, പടക്കം പൊട്ടിച്ച് ആഘോഷിക്കാനുള്ള അവസരമല്ല ഇത് - ബിജെപി എംപി കൂടിയായ ഗംഭീറിന്റെ ട്വീറ്റ് ഇതായിരുന്നു. ജയ്പുരിലെ വൈശാലി നഗറിൽ ജനങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിനെത്തുടർന്ന് വൻ അഗ്നിബാധയുണ്ടായിരുന്നു.