ക്യാന്പ് ധർമശാലയിൽ
Saturday, May 23, 2020 12:11 AM IST
മുംബൈ/ധർമശാല: കൊറോണ വൈറസ് ഭീതിയെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാന്പ് ബംഗളൂരുവിനു പകരം ധർമശാലയിൽ നടത്താൻ നീക്കം. കൊറോണയെത്തുടർന്ന് ലോക്ക് ഡൗണായ പശ്ചാത്തലത്തിൽ ക്രിക്കറ്റ് താരങ്ങൾ വീടുകളിലായിരുന്നു. 25-ാം തീയതി മുതൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു.
വിമാന സർവീസ് പുനരാരംഭിച്ചാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാന്പ് ആരംഭിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന. കൊറോണ ഭീഷണി സജീവമായി നിൽക്കുന്ന ബംഗളൂരുവിൽ ആയിരിക്കില്ല ഇന്ത്യൻ ടീം ക്യാന്പ് ചെയ്യുക. പകരം താരതമ്യേന സുരക്ഷിതമായി വിലയിരുത്തപ്പെടുന്ന ധർമശാലയിലായിരിക്കും. ബിസിസിഐ ട്രെഷറർ അരുണ്‍ ധുമാലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ക്യാന്പ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ധർമശാലയിലായിരിക്കും ടീം ഒത്തുകൂടുക എന്ന് അരുണ്‍ ധുമാൽ പറഞ്ഞു. ബംഗളൂരുവിലെ സായ് സെന്ററിൽ ഉൾപ്പെടെ കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഹിമാചൽപ്രദേശിൽ കൊറോണ വൈറസ് നിയന്ത്രണവിധേയമാണ്. സർക്കാർ ചട്ടപ്രകാരം ധർമശാല സേഫ് സോണിലാണ്. ധർമശാലയിൽ ടീം ക്യാന്പ് ചെയ്യാൻ ഉതകുന്ന സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ആവശ്യം- അരുണ്‍ ധുമാൽ പറഞ്ഞു. ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയുമാണ് അരുണ്‍ ധുമാൽ.
ലോക്ക് ഡൗണിനു മുന്‍പ് ഇന്ത്യൻ ക്രിക്കറ്റ് ടീം അവസാനമായി ഒന്നിച്ചതും ധർമശാലയിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിനായി (മാർച്ച് 12) ആയിരുന്നു അത്. എന്നാൽ, മഴയെത്തുടർന്ന് മത്സരം ഉപേക്ഷിച്ചു.