ബ്രില്യന്‍ഡ് വില്ലി, ബില്ലിംഗ്സ്
Friday, July 31, 2020 11:47 PM IST
സതാംപ്ടണ്: കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഡേവിഡ് വില്ലിയും സാം ബില്ലിംഗ്സും ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗ് അന്താരാഷ് ട്ര ഏകദിനത്തില്‍ ജയത്തിലേക്കു നയിച്ചു.
വില്ലിയുടെ 30/5 വിക്കറ്റ് പ്രകടനവും ബില്ലിംഗ്സ് പുറത്താകാതെ നേടിയ 67 റണ്‍സുമാണ് ഇംഗ്ലണ്ടിന് അയര്‍ലന്‍ഡിനെതിരെ ആറു വിക്കറ്റിന്റെ ജയം നല്‍കിയത്. വില്ലിയാണ് മാന്‍ ഓഫ് ദ മാച്ച്്. ഇടയ്ക്കേറ്റ ചെറിയൊരു പതര്ച്ചയ്ക്കുശേഷമാണ് ഇംഗ്ലണ്ട് വിജയത്തിലെത്തിയത്. പരമ്പരയില്‍ മൂന്നു മത്സരങ്ങളാണുള്ളത്.
അയര്‍ലന്‍ഡ്- 44.4 ഓവറില്‍ 172ന് എല്ലാവരും പുറത്ത്. ഇംഗ്ലണ്ട്- 27.5 ഓവറില്‍ നാലു വിക്കറ്റിന് 174.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന് ഇയോന്‍ മോര്ഗന് അയര്‍ലന്‍ഡിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ബൗളിംഗിനു മുന്നില്‍ തുടക്കത്തില്‍ തകര്‍ന്ന അയര്‍ലന്‍ഡ് അഞ്ച് വിക്കറ്റിന് 28 എന്ന നിലയില്‍ കൂപ്പുകുത്തി. എന്നാല്‍ 172 റണ്‍സിന്റെ ഭേദപ്പെട്ട സ്കോറിലെത്താന്‍ അയര്‍ലന്‍ഡിനായി. അരങ്ങേറ്റ മത്സരത്തില്‍ പുറത്താകാതെ 59 റണ്‍സ് നേടിയ കുര്‍ടിസ് ചാംപറും ആന്‍ഡി മാക്ബ്രയിനും (40) ചേര്‍ന്നെടുത്ത 66 റണ്‍സ് കൂട്ടുകെട്ടാണ് നൂറു കടക്കില്ലെന്നു തോന്നിച്ച അയര്‍ലന്‍ഡിനു രക്ഷകരായത്.
ചെറിയ സ്കോറിലേക്ക് അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലണ്ടിന് തിരിച്ചടിയേറ്റു. 14 ഓവറിലെത്തിയപ്പോള്‍ 78 റണ്‍സായ ലോകചാമ്പ്യന്മാരുടെ നാലു വിക്കറ്റുകള്‍ നിലംപൊത്തി. എന്നാല്‍ അയര്‍ലന്‍ഡിന്റെ അട്ടിമറി സ്വപ്നങ്ങള്‍ ബില്ലിംഗ്സും മോര്‍ഗനും ചേര്‍ന്ന് തകര്‍ത്തു.
പരിക്കേറ്റ ജോ ഡെന്ലിക്കു പകരം ടീമിലെത്തിയ താരമാണ് ബില്ലിംഗ്സ്. 54 പന്ത് നേരിട്ട താരം 11 തവണ പന്ത് അതിര്‍ത്തി കടത്തി. നായകന് മോര്‍ഗനുമായി (36) ചേര്‍ന്നുള്ള 96 റണ്‍സിന്റെ തകര്‍ക്കപ്പെടാത്ത കൂട്ടുകെട്ടാണ് സ്ഥാപിച്ചത്.