ഷോക്തർ! ഷാക്തർ ഷോക്കിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി
Thursday, October 22, 2020 11:49 PM IST
മാഡ്രിഡ്: അടിതെറ്റിയാൽ ആനയും വീഴുമെന്നതുപോലായി ചാന്പ്യൻസ് ലീഗ് ഫുട്ബോളിലെ വൻമരമായ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ കാര്യം. ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തിൽ യുക്രെയ്ൻ ക്ലബ്ബായ ഷാക്തർ ഡൊണെറ്റ്സ്കിന്റെ മൂന്നടിയിൽ റയൽ കൊന്പുകുത്തി. സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ റയൽ വീണത് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്.
2020-21 സീസണ് ചാന്പ്യൻസ് ലീഗ് ആദ്യ റൗണ്ടിലെ ഏറ്റവും വലിയ അട്ടിമറിയായി അത്. ടിറ്റെ (29-ാം മിനിറ്റ്), മനോർ സോളമൻ (42) എന്നിവരും റാഫയേൽ വരാനെയുടെ (33) സെൽഫ് ഗോളുമെത്തിയപ്പോൾ ആദ്യപകുതിയിൽ റയൽ 3-0നു പിന്നിൽ. ലൂക്ക മോഡ്രിച്ച് (54), വിനീഷ്യസ് ജൂണിയർ (59) എന്നിവരാണ് റയലിനായി ഗോൾ മടക്കിയത്.
1986നു ശേഷം ഇതാദ്യമായാണ് റയൽ യൂറോപ്യൻ പോരാട്ടങ്ങളിൽ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ പരാജയപ്പെടുന്നത്. 1999നു ശേഷം റയലിനെതിരേ ജയം നേടുന്ന ആദ്യ യുക്രെയ്ൻ ക്ലബ് എന്ന നേട്ടം ഷാക്തറും സ്വന്തമാക്കി. 2005ൽ ലിയോണിനെതിരായ മത്സരത്തിനുശേഷം റയൽ ആദ്യപകുതിയിൽത്തന്നെ മൂന്നു ഗോൾ വഴങ്ങുന്നതും ഇതാദ്യം.
ബയേണ്‍ ആധിപത്യം
നിലവിലെ ചാന്പ്യന്മാരായ ജർമൻ ക്ലബ് ബയേണ്‍ മ്യൂണിക് ഗ്രൂപ്പ് എയിൽ ആധികാരികജയത്തോടെ സീസണിനു തുടക്കമിട്ടു. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനെ സ്വന്തം തട്ടകത്തിൽവച്ച് 4-0ന് ബയേണ്‍ കീഴടക്കി. കിംഗ്സ്ലി കൊമാൻ (28, 72) ഇരട്ട ഗോൾ നേടിയപ്പോൾ ലിയോണ്‍ ഗോറെറ്റ്സ്ക (41), കൊറെന്റിൻ ടോലിസൊ (66) എന്നിവരും അത്ലറ്റിക്കോയുടെ വല കുലുക്കി.
ലിവർപൂൾ, സിറ്റി
ഗ്രൂപ്പ് ഡിയിൽ മുൻ ചാന്പ്യന്മാരായ ഇംഗ്ലീഷ് ഗ്ലാമർ ക്ലബ് ലിവർപൂൾ ജയത്തോടെ ശുഭാരംഭം കുറിച്ചു. എവേപോരാട്ടത്തിൽ ഡച്ച് ക്ലബ്ബായ അയാക്സിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ കീഴടക്കിയത്. നിക്കൊളാസ് തഗ്ലിയഫികൊ 35-ാം മിനിറ്റിൽ നേടിയ സെൽഫ് ഗോളാണ് ലിവർപൂളിനു മൂന്ന് പോയിന്റ് സമ്മാനിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറ്റലിയിൽനിന്നുള്ള അത്ലാന്ത 4-0ന് ഡെന്മാർക്ക് ക്ലബ്ബായ മിജുലാൻഡിനെ കീഴടക്കി.
ഗ്രൂപ്പ് സിയിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ഹോം മത്സരത്തിൽ പോർച്ചുഗലിൽനിന്നുള്ള എഫ്സി പോർട്ടോയെ 3-1നു കീഴടക്കി.
ലൂയിസ് ഡിയാസിന്റെ (12-ാം മിനിറ്റ്) ഗോളിൽ മുന്നിൽ കടന്ന പോർട്ടോയെ സെർജിയോ അഗ്വെയ്റോ (20- പെനൽറ്റി), ഇൽകി ഗുണ്ഡൊഗാൻ (73), ഫെറാൻ ടോറെസ് (73) എന്നിവരുടെ ഗോളുകളിലൂടെ സിറ്റി കീഴടക്കുകയായിരുന്നു.
ഇന്ററിന്റെ ലുകാക്കു
ഇറ്റാലിയൻ ക്ലബ്ബായ ഇന്റർമിലാൻ ഗ്രൂപ്പ് ബിയിൽ നടന്ന ഹോം മത്സരത്തിൽ ജർമൻ സംഘമായ മോണ്ഹെൻഗ്ലാഡ്ബാകിനോട് 2-2 സമനില വഴങ്ങി. റൊമേലു ലുകാക്കുവിന്റെ (49, 90 മിനിറ്റുകൾ) ഇരട്ടഗോളിലായിരുന്നു ഇന്ററിന്റെ സമനില. ഇതോടെ തുടർച്ചയായ ഒന്‍പത് യൂറോപ്യൻ പോരാട്ടങ്ങളിൽ ഗോൾ നേടിയെന്ന അപൂർവനേട്ടം ലുകാക്കു സ്വന്തമാക്കി.
മത്സര ഫലങ്ങൾ
സാൽസ്ബർഗ് 2 - 2 ലോക്കോമോട്ടീവ്
റയൽ മാഡ്രിഡ് 2 - 3 ഷാക്തർ
അയാക്സ് 0 - 1 ലിവർപൂൾ
മാഞ്ചസ്റ്റർ സിറ്റി 3 - 1 പോർട്ടോ
മിജുലാൻഡ് 0 - 4 അത്ലാന്ത
ഒളിന്പ്യാകോസ് 1 - 0 മാഴ്സെ
ബയേണ്‍ 4 - 0 അത്ലറ്റിക്കോ
ഇന്റർ 2 - 2 മോണ്ഹെൻഗ്ലാഡ്ബാക്