ജർമനിയെ സ്പെയിൻ പറത്തി!
Thursday, November 19, 2020 12:09 AM IST
സെവിയ്യ (സ്പെയിൻ): 2014 ഫിഫ ലോകകപ്പ് ഫുട്ബോളിൽ ആതിഥേയരായ ബ്രസീലിനെ 7-1നു തകർത്തപ്പോൾ സമാനമായൊരു സാഹചര്യത്തിലൂടെ തങ്ങൾക്കും കടന്നുപോകേണ്ടിവരുമെന്ന് ജർമനി സ്വപ്നത്തിൽപോലും വിചാരിച്ചില്ല. ബ്രസീലിനെ കണ്ണീരാഴ്ത്തിയ ആ ജയത്തിന് ആറ് വർഷങ്ങൾക്കിപ്പുറം ജർമനിയും തകർന്നടിഞ്ഞു. യുവേഫ നേഷൻസ് ലീഗിൽ സ്പെയിനിനെതിരേയായിരുന്നു ജർമൻ പട ഛിന്നഭിന്നമായത്. ജർമനിയെ സിക്സർ പറത്തിയ സ്പെയിൻ നേഷൻസ് ലീഗ് ഫൈനൽസിനു യോഗ്യത നേടി. ഒന്നാം നന്പർ ഗോളിയായ മാനുവൽ നോയറായിരുന്നു ആറ് ഗോളും വഴങ്ങിയതെന്നത് ജർമൻ ആരാധകർക്കുപോലും അവിശ്വസനീയമായി.
ഇരുപതുകാരനായ ഫെറാൻ ടോറസിന്റെ ഹാട്രിക്കാണ് (33, 55, 71) ജർമൻ തല തകർത്തത്. ആൽവരൊ മൊറാട്ട (17), റോഡ്രി (38), മിഖേൽ ഒയർസബാൽ (89) എന്നിവരും സ്പെയിനിനായി ഗോൾ നേടി. 11 പോയിന്റോടെ ലീഗ് എ ഗ്രൂപ്പ് നാല് ചാന്പ്യന്മാരായി സ്പെയിൻ ഫൈനൽസിനു യോഗ്യത നേടി. ജർമനി (9), യുക്രെയ്ൻ (6) എന്നിവർ ലീഗ് എയിൽ തുടർന്നപ്പോൾ അവസാന സ്ഥാനക്കാരായ സ്വിറ്റ്സർലൻഡ് ലീഗ് ബിയിലേക്കു തരംതാഴ്ത്തപ്പെട്ടു.
ഫ്രാൻസ്, പോർച്ചുഗൽ ജയിച്ചു
ലീഗ് എ ഗ്രൂപ്പ് മൂന്നിൽ ഫൈനൽസ് നേരത്തേ ഉറപ്പിച്ച ഫ്രാൻസ് 4-2ന് സ്വീഡനെ കീഴടക്കി. ഒലിവർ ഗിറെയ്റു (16, 59) ഫ്രാൻസിനായി ഇരട്ട ഗോൾ നേടി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ പോർച്ചുഗൽ 3-2ന് ക്രൊയേഷ്യയെ കീഴടക്കി. റൂബൻ ഡയസ് (52, 90) പറങ്കിപ്പടയ്ക്കായി ഇരട്ട ഗോൾ നേടി. കൊവാസിച്ചിന്റെ (29, 65) വകയായിരുന്നു ക്രൊയേഷ്യയുടെ രണ്ട് ഗോളും. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ സ്വീഡൻ തരംതാഴ്ത്തപ്പെട്ടു.
ഓ... ഫെറാൻ
ജർമനിക്കെതിരേ ഹാട്രിക് നേടുന്ന ആദ്യ സ്പാനിഷ് താരമെന്ന നേട്ടം ഫെറാൻ ടോറസ് സ്വന്തമാക്കി. 2005ൽ സെർജിയൊ റാമോസിനുശേഷം (19 വയസും 196 ദിവസവും) സ്പെയിനിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ഫെറാൻ ടോറസ് (20 വയസ് 262 ദിവസം). 1931ൽ ഓസ്ട്രിയയോട് 6-0നു പരാജയപ്പെട്ടതിനുശേഷം ജർമനി നേരിടുന്ന ഏറ്റവും വലിയ തോൽവിയുമാണ് ഇത്.