പൃഥ്വി മിസൈൽ!
Friday, February 26, 2021 12:05 AM IST
ജയ്പുർ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ മുംബൈയുടെ പൃഥ്വി ഷായുടെ ഷോ. പുതുച്ചേരിക്കെതിരായ ഗ്രൂപ്പ് ഡി മത്സരത്തിൽ 152 പന്തിൽനിന്ന് അഞ്ച് സിക്സും 31 ഫോറും അടക്കം 227 റണ്‍സുമായി പൃഥ്വി പുറത്താകാതെനിന്നു. ശ്രേയസ് അയ്യരുടെ അഭാവത്തിൽ പൃഥ്വി ഷാ ഇതാദ്യമായി മുംബൈ സീനിയർ ടീമിന്റെ ക്യാപ്റ്റൻസ്ഥാനം അലങ്കരിച്ച മത്സരവുമായിരുന്നു.
ലിസ്റ്റ് എയിൽ ഇരട്ട സെഞ്ചുറി നേടുന്ന എട്ടാമത് ഇന്ത്യൻ താരമെന്ന നേട്ടവും പൃഥ്വി സ്വന്തമാക്കി. സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, ശിഖർ ധവാൻ, രോഹിത് ശർമ (മൂന്ന് തവണ), കരണ്‍ കൗശൽ, സഞ്ജു വി. സാംസണ്, യശസ്വി ജയ്സ്വാൾ എന്നിവരാണു ലിസ്റ്റ് എയിൽ മുന്‍പ് ഇരട്ട സെഞ്ചുറി നേടിയിട്ടുള്ളത്.
സൂര്യകുമാർ യാദവും (58 പന്തിൽ 133) സെഞ്ചുറി നേടിയ മത്സരത്തിൽ മുംബൈ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 457 റണ്‍സ് അടിച്ചുകൂട്ടി. പോണ്ടിച്ചേരിയുടെ മറുപടി 38.1 ഓവറിൽ 224ൽ അവസാനിച്ചു, മുംബൈക്ക് 233 റണ്‍സിന്റെ കൂറ്റൻ ജയം.