സിറ്റി കടന്ന് ചെൽസി ഫൈനലിൽ
Sunday, April 18, 2021 11:54 PM IST
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോൾ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ 1-0നു കീഴടക്കി ചെൽസി ഫൈനലിൽ. സീസണിൽ നാലു കിരീടം എന്ന സിറ്റിയുടെ സ്വപ്നം ഇതോടെ അവസാനിച്ചു. ഹകിം സിയെച്ചിന്റെ (55’) വകയായിരുന്നു ചെൽസിയുടെ ഗോൾ.
കഴിഞ്ഞ അഞ്ച് സീസണിൽ ചെൽസി എഫ്എ ഫൈനലിൽ പ്രവേശിക്കുന്നത് ഇത് നാലാം തവണയാണ്. പെപ് ഗ്വാർഡിയോളയുടെ ശിക്ഷണത്തിൽ സിറ്റി എഫ്എ സെമിയിൽ പരാജയപ്പെടുന്നത് ഇത് മൂന്നാം പ്രാവശ്യം. തോമസ് ടൂഹെൽ ചെൽസി പരിശീലകനായശേഷം ടീം 14-ാം തവണയാണു ഗോൾ വഴങ്ങാതെ കളംവിടുന്നത്. യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ ഏറ്റവും അധികം ക്ലീൻ ഷീറ്റുള്ള ടീമാണു ചെൽസി, 14. 15-ാം തവണയാണ് ചെൽസി എഫ്എ കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.
മാച്ച് ബോക്സ്
ഇംഗ്ലീഷ് എഫ്എ കപ്പ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ജർമൻ പരിശീലകനാണു തോമസ് ടൂഹെൽ. ജനുവരിയിൽ ചെൽസിയുടെ മാനേജർസ്ഥാനം ഏറ്റെടുത്തശേഷം കാർലോ ആൻസിലോട്ടി, ഹൊസെ മൗറീഞ്ഞോ, ഡിയേഗോ സിമയോണി, യർഗൻ ക്ലോപ്, പെപ് ഗ്വാർഡിയോള എന്നിവരുടെ ടീമുകളെ ടൂഹെൽ പരാജയപ്പെടുത്തി, അതും ഗോൾ വഴങ്ങാതെ.