ബാഴ്സയ്ക്ക് ഇരുട്ടടി
Thursday, May 13, 2021 12:12 AM IST
ലെവാന്റെ: രണ്ടു തവണ മുന്നിൽനിന്നശേഷം ഗോൾ വഴങ്ങിയ ബാഴ്സലോണയുടെ ലാ ലിഗ ഫുട്ബോൾ കിരീടപ്രതീക്ഷകൾക്കു തിരിച്ചടിയേറ്റു. ലെവാന്റെയോട് എവേ മത്സരത്തിൽ ബാഴ്സലോണ 3-3ന് സമനിലയിൽ പിരിഞ്ഞു. സമനിലയോടോ 36 കളിയിൽ 76 പോയിന്റുമായി ബാഴ്സ രണ്ടാമതെത്തി. 77 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തുടരുന്നു. 75 പോയിന്റുമായി റയൽ മാഡ്രിഡാണ് മൂന്നാമത്. അത്ലറ്റിക്കോയ്ക്കും റയലിനും മൂന്നു മത്സരങ്ങൾ കൂടിയുണ്ട്.
മേധാവിത്വത്തോടെ കളിച്ച ബാഴ്സലോണയെ 26-ാം മിനിറ്റിൽ ലയണൽ മെസി മുന്നിലെത്തിച്ചു. 34-ാം മിനിറ്റിൽ പെഡ്രിയിലൂടെ ബാഴ്സ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ ബാഴ്സയുടെ കൈയിൽനിന്ന് മത്സരത്തിൽ നിയന്ത്രണം നഷ്ടമായി. മൂന്നു മിനിറ്റിനിടെ രണ്ടു ഗോൾ നേടിയ ലെവാന്റെ സമനില പിടിച്ചു. 57-ാം മിനിറ്റിൽ ഗോണ്‍സാലോ മെലോറോയുടെ ഹെഡറിലൂടെ ലെവാന്റെ ഒരു ഗോൾ മടക്കി. 59-ാം മിനിറ്റിൽ ഹൊസെ ലൂയിസ് മൊറാലസ് ആതിഥേയർക്കു സമനിലയും നൽകി. 64-ാം മിനിറ്റിൽ ഒസാമെൻ ഡെംബെലെ ബാഴ്സലോണയ്ക്ക് ലീഡ് തിരിച്ചു നൽകി. 83-ാം മിനിറ്റിൽ സെർജിയോ ലിയോണ്‍ ബാഴ്സലോണയെ 3-3ൽ പിടിച്ചുകെട്ടി.
ഒന്നാമതെത്താനുള്ള അവസരം ഈ സമനിലയോടെ ബാഴ്സലോണ നഷ്ടമാക്കി. ഏപ്രിൽ 29ന് ഗ്രനാഡയോട് ലീഡ് നേടിയശേഷം 2-1ന് തോറ്റു. പിന്നീട് വലൻസിയയെ 3-2ന് തോൽപ്പിച്ചു. ശനിയാഴ്ച നടന്ന മത്സരത്തിൽ അത്ലറ്റിക്കോയോടു ഗോൾരഹിത സമനിലയുമായി.