അവസരം കളഞ്ഞ് സ്പെയിന്
Wednesday, June 16, 2021 12:50 AM IST
സെവിയ്യ: പന്തടക്കത്തില്‍ തുടങ്ങി കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ സ്പെയിനിനു നിരാശാജനകമായ തുടക്കം. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ സ്പെയിനും സ്വീഡനും ഗോളൊന്നുമടിക്കാതെ സമനിലയില്‍ പിരിഞ്ഞു.
കളി പൂര്‍ത്തിയായപ്പോള്‍ സ്പെയിന് 75 ശതമാനം പന്തടക്കം സ്വീഡന് 25 ശതമാനം. ഷോട്ടുകളുടെ എണ്ണത്തില്‍ സ്പെയിന് 17 എണ്ണം ഗോളിലേക്ക് തൊടുത്തത് അഞ്ച്. നാലു ഷോട്ടുകള്‍ മാത്രമേ സ്വീഡനില്‍നിന്നു പിറന്നത്. ഗോളിലേക്ക് ഒരണ്ണം പോലുമില്ലായിരുന്നു. ഇതെല്ലാമുണ്ടായിട്ടും സ്പെയിനിന് ഒരു ഗോള്‍പോലും കുറിക്കാനായില്ല. ഗോളെന്നുറച്ച പല ഷോട്ടുകളും സ്വീഡിഷ് ഗോളി റോബിന് ഒള്സെന് രക്ഷപ്പെടുത്തി.
ആദ്യപകുതില്‍ 80 ശതമാനത്തിലേറെ പന്തടക്കമുണ്ടായിരുന്ന സ്പെയിന് നിരവധി തവണ ഗോളിനു തൊട്ടടുത്തുവരെയെത്തി. എന്നാല്‍ ഫിനിഷ് ചെയ്യാനായില്ല. 38-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കേ അല്‍വരോ മൊറാട്ട ലഭിച്ച സുവര്‍ണാവസരം നഷ്ടമാക്കി. തുടര്‍ന്നും മൊറാട്ട അവസരങ്ങള്‍ നഷ്ടമാക്കി. ആദ്യപകുതി അവസാനിച്ചപ്പോള്‍ സ്പെയിനിന് 85 ശതമാനം പന്തടക്കമുണ്ടായിരുന്നു 917 പാസുകളാണ് സ്പാനിഷുകാര്‍ നടത്തിയത്.
തിയാഗോ അല്‍കാന്‍ട്ര, ഫാബിയന്‍ റുയീസ് എന്നിവരെ ആദ്യ പതിനൊന്നില്‍ ഇറക്കാതെ കൗമാര താരം പെഡ്രിയെ ഇറക്കി. രണ്ടാം പകുതിയില്‍ ഇരുവരെയും ഇറക്കിയിട്ടും സ്പെയിനിനു ഗോള്‍ നേടാനായില്ല. ഡാനി ഒല്‍മോ രണ്ടാം പകുതിയില്‍ മികച്ച ഒരു അവസരം നഷ്ടമാക്കി. ഒല്‍മോയെ പിന്‍വലിച്ച് ജെരാര്‍ഡ് മൊറോനോയെ ഇറക്കിയതോടെ സ്പെയിന് കൂടുതല്‍ ആക്രമണം നടത്തി. എന്നാല്‍ ഗോള്‍കീപ്പര്‍ തടസമായി നിന്നു. മൊറോനോയുടെ ഗോളെന്നുറച്ച ഒരു ഹെഡര്‍ ഒള്സെന് ഉജ്വലമായി രക്ഷപ്പെടുത്തി.