മഴവിൽ കുഴപ്പമില്ല
Tuesday, June 22, 2021 12:32 AM IST
മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിൽ ജർമൻ ക്യാപ്റ്റൻ മാനുവൽ നോയർ അണിയുന്ന ക്യാപ്റ്റന്റെ മഴവിൽ നിറമുള്ള ആം ബാൻഡ് കുഴപ്പമില്ലെന്ന് യുവേഫ അധികൃതർ അറിയിച്ചതായി ജർമൻ ഫുട്ബോൾ അസോസിയേഷൻ (ഡിഎഫ്ബി). സ്വവർഗാനുരാഗികൾ ഉൾപ്പെടെയുള്ള വിഭാഗത്തിനു പിന്തുണ അറിയിച്ചാണ് ക്യാപ്റ്റന്റെ ആംബാൻഡിന് ഡിഎഫ്ബി മഴവിൽ വർണം നൽകിയത്.
സാധാരണയായി യുവേഫ അനുവദിക്കുന്ന സ്റ്റാൻഡേർഡ് രീതിയിലുള്ള ആം ബാൻഡ് ആണ് ടീം ക്യാപ്റ്റന്മാർ അണിയേണ്ടത്. യുവേഫ ശിക്ഷാ നടപടി സ്വീകരിച്ചാലും നോയർ മഴവിൽ നിറങ്ങളുള്ള ആം ബാൻഡ് ധരിക്കുമെന്ന് ഡിഎഫ്ബി വക്താവ് അറിയിച്ചിരുന്നു.
മ്യൂണിക്കിലെ അലിയൻസ് അരീനയിൽ ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 12.30ന് ഹംഗറിക്കെതിരേയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിയുടെ അടുത്ത മത്സരം. സ്റ്റേഡിയത്തെ മഴവിൽ വർണങ്ങളാൽ ശബളമാക്കാനുള്ള ശ്രമം നടത്തുമെന്ന് മ്യൂണിക് മേയർ അറിയിച്ചു.