കോവിഡ് ഭീതിയിൽ ടീം ഇന്ത്യ; ഋഷഭ് പന്തിനും ത്രോഡൗൺ സ്പെഷലിസ്റ്റ് ദയാനന്ദ് ഗരനിക്കും കോവിഡ്
Friday, July 16, 2021 12:03 AM IST
ലണ്ടൻ: കോവിഡ് ഭീതിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും ത്രോഡൗണ്‍ സ്പെഷലിസ്റ്റായ ദയാനന്ദ് ഗരനിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ സംഘത്തിലെ മൂന്നു പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. ബൗളിംഗ് കോച്ച് ഭരത് അരുണ്‍, വിക്കറ്റ് കീപ്പർ വൃദ്ധിമൻ സാഹ, അഭിമന്യു ഈശ്വരൻ എന്നിവരാണ് ഐസൊലേഷനിലുള്ളത്. ഇവർക്ക് ഗരനിയുമായിട്ടായിരുന്നു സന്പർക്കം. ഗരനിയുടെ പരിശോധനാ ഫലം ഇന്നലെ രാവിലെയാണു വന്നത്. ഇതോടെ ഇന്ത്യൻ ടീമിനെ എല്ലാ ദിവസവും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.
അരുണ്‍, ഈശ്വരൻ, സാഹ എന്നിവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ യുകെയിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡപ്രകാരം ഇവർ പത്തു ദിവസത്തെ ഐസൊലേഷനിൽ കഴിയണം. ഇവരും ലണ്ടനിൽ തുടരുകയാണ്.
ടീമിലെ മറ്റുള്ളവർ ഡർഹമിലേക്ക് ഇന്നലെ യാത്ര തിരിച്ചു. ഡർഹമിലാണ് ഇന്ത്യൻ ടീമിന്റെ ക്യാംപ്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരേ ആരംഭിക്കുന്ന ടെസ്റ്റ് പരന്പരയ്ക്കു മുന്‍പ് ഇന്ത്യ ഡർഹമിൽ കൗണ്ടി ടീമുകളുമായി സന്നാഹ മത്സരത്തിന് ഇറങ്ങുന്നുണ്ട്. 20നാണ് ഡർഹമുമായുള്ള മത്സരം. കഴിഞ്ഞ എട്ടുദിവസമായി പന്ത് ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ്. നിലവിൽ പന്ത് ഇന്ത്യൻ ടീമിനൊപ്പം ഹോട്ടലിൽ താമസിക്കുന്നില്ല. ഒരു സുഹൃത്തിന്റെ വീട്ടിൽ കഴിയുകയാണ്. രോഗം പൂർണമായും ഭേദമായ ശേഷം താരം ടീമിനൊപ്പം ചേരും.
തൊണ്ടവേദനയെത്തുടർന്ന് പന്തിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. ഇതോടെ പന്തുമായി സന്പർക്കത്തിലുണ്ടായിരുന്ന മറ്റു കളിക്കാർ ഐസൊലേഷനിൽ പ്രവേശിച്ചിരുന്നു. മൂന്നു ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കിയ ഇവർ ടീമിനൊപ്പം ഇന്നലെ ഡർഹമിലേക്കു യാത്രതിരിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയ്ക്കു ഓഗസ്റ്റ് നാലിനു തുടക്കമാകും.
കഴിഞ്ഞ മാസം ന്യൂസിലൻഡിനെതിരേ നടന്ന ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുശേഷം ഇന്ത്യൻ ടീമിലെ പലരും ബയോ ബബിൾ സുരക്ഷ വിട്ട് പുറത്തേക്കിറങ്ങിയിരുന്നു.
കഴിഞ്ഞയാഴ്ച സമാപിച്ച യൂറോ കപ്പ് ഫുട്ബോൾ കാണാൻ പന്ത് ഗാലറിയിലെത്തിയിരുന്നു. ഇംഗ്ലണ്ട്-ജർമനി മത്സരം കാണാനാണു പന്ത് സുഹൃത്തുക്കൾക്കൊപ്പം വെംബ്ലി സ്റ്റേഡിയത്തിലെത്തിയത്. കൂട്ടുകാർക്കൊപ്പം സ്റ്റേഡിയത്തിൽ നിൽക്കുന്ന ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
പന്തിനു രോഗം സ്ഥിരീകരിച്ചതറിഞ്ഞ ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീമിനോടു ജാഗ്രത പാലിക്കാൻ നിർദേശം നൽകിക്കൊണ്ട് ഇ-മെയിൽ സന്ദേശമയച്ചു. യുകെയിൽ കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ടീം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജനക്കൂട്ടം ഒഴിവാക്കണമെന്നും സന്ദേശത്തിൽ പറയുന്നു.
അടുത്ത ദിവസങ്ങളിൽ പന്തിനെ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് ഇദ്ദേഹത്തിനു സ്ഥിരീകരിച്ചത്.
ഇംഗ്ലണ്ട് പര്യടനത്തിലെ ഒരു കളിക്കാരനു കോവിഡ് ബാധിച്ചുവെന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നേരത്തേ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം താരത്തിന്റെ പേര് വെളിപ്പെടുത്താൻ തയാറായിരുന്നില്ല.
ഇംഗ്ലണ്ട് ക്യാംപിലും കോവിഡ് ബാധയുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ മൂന്നു കളിക്കാരും നാലു സ്റ്റാഫും ഉൾപ്പെടെ ഏഴു പേരെ രോഗം ബാധിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടാം നിര ടീമുമായാണ് ഇംഗ്ലണ്ട് പാകിസ്ഥാനെതിരായ ഏകദിന പരന്പരയിൽ പങ്കെടുത്തത്.