ത്രീ സ്റ്റാർ ചെൽസി
Tuesday, September 21, 2021 1:17 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കു നാലാം ജയം. എവേ പോരാട്ടത്തിൽ ടോട്ടനത്തെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി തകർത്തത്. ചെൽസിയുടെ മൂന്ന് ഗോളും മുന്നേറ്റനിരക്കാരല്ല നേടിയതെന്നതാണു ശ്രദ്ധേയം.
പ്രതിരോധ താരങ്ങളായ തിയാഗോ സിൽവ (49’), അന്റോണിയൊ റൂഡിഗർ (90+2’) എന്നിവരും സെന്റർ മിഡ്ഫീൽഡറായ എൻഗോളൊ കാന്റെയുമാണ് (57’) ചെൽസിക്കായി വലകുലുക്കിയത്. 46-ാം മിനിറ്റിൽ മാൻസണ് മൗണ്ടിനു പകരമായാണു കാന്റെ കളത്തിലെത്തിയത്. 49 പ്രീമിയർ ലീഗ് മത്സരങ്ങൾക്കിടെ കാന്റെയുടെ ആദ്യ ഗോളാണിത്.
36 വർഷവും 362 ദിവസവും വയസുള്ള തിയാഗോ സിൽവ ചെൽസിക്കായി പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി. ദിദിയെ ദ്രോഗ്ബയാണ് (2015ൽ, 37 വർഷവും 49 ദിനവും പ്രായം) ചെൽസിക്കായി പ്രീമിയർ ലീഗിൽ ഗോൾ നേടിയ ഏറ്റവും പ്രായം കൂടിയ താരം.