രക്ഷയില്ലാ...
Thursday, November 25, 2021 11:39 PM IST
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം നേടാൻ സാധിക്കാതെ ബ്ലാസ്റ്റേഴ്സ് കളംവിട്ടു.
ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ്, ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
തുറന്ന അവസരങ്ങൾപോലും തുലച്ച ബ്ലാസ്റ്റേഴ്സ് ഈ സീസണിലും രക്ഷപ്പെടുന്ന സൂചനകളല്ല ആദ്യ മത്സരങ്ങളിൽനിന്ന് ലഭിക്കുന്നത്. 51-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ഗോളി മാത്രം മുന്നിൽനിൽക്കേ സഹൽ അബ്ദുൾ സമദ് നഷ്ടപ്പെടുത്തി.
വിൻസി ബാരെറ്റോ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് സഹലിനു മറിച്ചു. സഹലിന്റെ ഷോട്ട് വെളിയിലേക്ക്. 36-ാം മിനിറ്റിൽ ജോർജ് പെരെയ്ര ഡിയസും ഗോളി മാത്രം മുന്നിൽനിൽക്കുന്പോൾ പന്ത് പുറത്തേക്ക് അടിച്ച് അവസരം തുലച്ചിരുന്നു. 83-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും അൽവാരൊ വാസ്ക്വസ് രണ്ട് തവണ ഗോളിലേക്ക് ലക്ഷ്യംവച്ചെങ്കിലും ഫലമുണ്ടായില്ല.
ബ്ലാസ്റ്റേഴ്സ് തൊടുത്ത 12 ഷോട്ടിൽ നാലെണ്ണം ഗോളിലേക്കുള്ളതായിരുന്നു. നോർത്ത് ഈസ്റ്റ് ഒരു തവണപോലും ഗോളിലേക്ക് ലക്ഷ്യംവച്ചില്ല.