ചാന്പ്യൻപട്ടം തിരിച്ചുപിടിച്ച് കേറ്റ് ലെഡെകി
Monday, June 20, 2022 12:55 AM IST
ബുഡാപെസ്റ്റ്: ബുഡ്പെസ്റ്റിൽ നടക്കുന്ന ലോക നീന്തൽ ചാന്പ്യൻഷിപ്പിലെ വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ അമേരിക്കയുടെ കേറ്റ് ലെഡെകിക്കു സ്വർണം. 2019ൽ ഈ ഇനത്തിൽ സ്വർണം നഷ്ടമായ ലെഡെകി ഇത്തവണ ചാന്പ്യൻപട്ടം തിരിച്ചുപിടിക്കുകയായിരുന്നു. ലെഡ്കിയുടെ 16-ാമത്തെ ലോക ചാന്പ്യൻഷിപ്പ് സ്വർണമെഡലാണ്. 2019ൽ സ്വർണം നഷ്ടപ്പെട്ടതു കൂടാതെ ഒളിന്പിക്സിൽ സ്വർണവും ലോക റിക്കാർഡും ഓസ്ട്രേലിയയുടെ അരിയാർനെ ടിറ്റമസിനു മുന്നിൽ നഷ്ടമായിരുന്നു. ബുഡാപെസ്റ്റ് ലോക ചാന്പ്യൻഷിപ്പിൽ ടിറ്റ്മസ് പങ്കെടുക്കുന്നില്ല.
ബുഡാപെസ്റ്റിൽ ലെഡെകിക്കു ഭീഷണിയുയർത്തിയത് പതിനാറുകാരിയായ കനേഡിയൻ താരം സമ്മർ മക്കിൻടോഷായിരുന്നു. എന്നാൽ 3 മിനിറ്റ് 58.15 സെക്കൻഡിൽ അമേരിക്കൻ താരം സ്വർണം നേടിയപ്പോൾ കനേഡിയൻ കൗമാരതാരം രണ്ടാം സ്ഥാനത്തെത്തി.