റിക്കാർഡ് സർഫറാസ്; മുന്നിൽ ബ്രാഡ്മാൻ മാത്രം
Friday, June 24, 2022 12:00 AM IST
ബംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ മുംബൈയുടെ സർഫറാസ് ഖാനു സെഞ്ചുറി. ഈ സീസണിൽ സർഫറാസിന്റെ നാലാം സെഞ്ചുറിയാണ്. 243 പന്ത് നേരിട്ട സർഫറാസ് രണ്ട് സിക്സും 13 ഫോറും അടക്കം 134 റണ്‍സ് നേടി. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബാറ്റിംഗ് ശരാശരിയിൽ ഓസ്ട്രേലിയൻ ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാനു മാത്രം പിന്നിലാണ് സർഫറാസ്.
25-ാം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന സർഫറാസിന്റെ ശരാശരി 82.83 ആണ്. 234 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ഡോണ്‍ ബ്രാഡ്മാന്റെ ശരാശരി 95.14ഉം. രഞ്ജി ട്രോഫി ചരിത്രത്തിൽ 2000ൽ അധികം റണ്‍സ് ഉള്ളതിൽ ഏറ്റവും മികച്ച മൂന്നാമത്തെ ശരാശരിക്ക് ഉടമയുമായി സർഫറാസ്.
വിജയ് മർച്ചെന്റ് (98.35), സച്ചിൻ തെണ്ടുൽക്കർ (87.37) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
മധ്യപ്രദേശിന് എതിരായ ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് 374ൽ അവസാനിച്ചു. മറുപടിക്കായി ക്രീസിലെത്തിയ മധ്യപ്രദേശ് രണ്ടാം ദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 123 റണ്‍സ് എന്ന ശക്തമായ നിലയിലാണ്.