ഐറിഷ് പടയെ ചുരുട്ടിക്കൂട്ടി; ഇന്ത്യക്ക് അനായാസ ജയം
Monday, June 27, 2022 12:28 AM IST
ഡബ്ലിൻ: അയർലൻഡിനെതിരായ ഒന്നാം ട്വന്റി-20യിൽ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകർപ്പൻ വിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 9.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഐറിഷ് ടീം 12 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു. 22ന് മൂന്നു വിക്കറ്റ് എന്ന നിലയിൽ തകർച്ച നേരിട്ട അയർലൻഡിനെ ഹാരി ടെക്ടറിന്റെ അർധസെഞ്ചുറിയാണ് മികച്ച സ്കോറിൽ എത്തിച്ചത്. 33 പന്തിൽ മൂന്നു സിക്സും ആറു ഫോറും സഹിതം 64 റൺസുമായി ഹെക്ടർ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, ആവേശ് ഖാന്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്ക് 30 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇഷാൻ കിഷനും(11 പന്തിൽ 26) സൂര്യകുമാർ യാദവും(പൂജ്യം) ആണ് പുറത്തായത്. ക്രെയ്ഗ് യംഗ് ആണ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത്. പിന്നീടെത്തിയ ഹർദിക് പാണ്ഡ്യേയ്ക്കൊപ്പം ദീപക് ഹൂഡ ടീമിനെ വിജയത്തിൽ എത്തിച്ചു.
ഹാര്‍ദിക് 12 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. ഹൂഡ 29 പന്തുകളില്‍ നിന്ന് 47 റണ്‍സെടുത്തും ദിനേശ് കാർത്തിക് നാല് പന്തിൽ അഞ്ച് റൺസുമായും പുറത്താകാതെ നിന്നു. പരമ്പരയിലെ അടുത്ത മത്സരം ജൂണ്‍ 28 ന് നടക്കും.