പേസ് ടെസ്റ്റ്... ഇംഗ്ലണ്ട് 284നു പുറത്ത്, ബെയർസ്റ്റോയ്ക്ക് സെഞ്ചുറി
Monday, July 4, 2022 1:04 AM IST
ബിർമിംഗ്ഹാം: ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ പേസ് ബൗളിംഗ് പരീക്ഷയിൽ പാസാകാതെ ബാറ്റർമാർ. ന്യൂസിലൻഡിന്റെ പേസ് ആക്രമണം ചെറുത്തു തോൽപ്പിച്ച ഇംഗ്ലണ്ടിന്, ഇന്ത്യൻ പേസർമാർക്ക് മുന്നിൽ രക്ഷപ്പെടാനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416ന് എതിരേ ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 284ൽ അവസാനിച്ചു, ഇന്ത്യക്ക് 132 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിലെ 10 വിക്കറ്റും ഇന്ത്യൻ പേസർമാർ വീതിച്ചെടുത്തു. മുഹമ്മദ് സിറാജ് 66 റണ്‍സ് വഴങ്ങി നാലും ക്യാപ്റ്റൻ ജസ്പ്രീത് ബുംറ 68 റണ്‍സ് വഴങ്ങി മൂന്നും മുഹമ്മദ് ഷമി 78 റണ്‍സ് വഴങ്ങി രണ്ടും വീതം വിക്കറ്റ് സ്വന്തമാക്കി. ഷാർദുൾ ഠാക്കൂർ 48 റണ്‍സ് നൽകി ഒരു വിക്കറ്റ് നേടി.
പന്തിന്റെ റോളിൽ ജോണി
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ രക്ഷിച്ചത് വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിന്റെ സെഞ്ചുറിയായിരുന്നെങ്കിൽ ഇംഗ്ലണ്ടിന്റെ രക്ഷകനായത് വിക്കറ്റ് കീപ്പിംഗ് ബാറ്ററായ ജോണി ബെയർസ്റ്റൊയുടെ സെഞ്ചുറിയായിരുന്നു. 140 പന്ത് നേരിട്ട ബെയർസ്റ്റൊ 106 റണ്‍സ് നേടി. ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിലും ജോണി ബെയർസ്റ്റൊ സെഞ്ചുറി നേടിയിരുന്നു.

ഇന്ത്യക്കെതിരായ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഔദ്യോഗിക വിക്കറ്റ് കീപ്പർ സാം ബില്ലിംഗ്സ് ആണ്. 57 പന്തിൽ 36 റണ്‍സ് നേടിയ ബില്ലിംഗ്സ് ആണ് ഇംഗ്ലീഷ് ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (25), ജോ റൂട്ട് (31), മാത്യു പോട്ട്സ് (19) എന്നിവരാണ് പിന്നീട് ഇംഗ്ലീഷ് ഇന്നിംഗ്സിൽ പൊരുതിയത്. 35 റണ്‍സ് എക്സ്ട്രായായി ഇംഗ്ലണ്ടിന്റെ സ്കോർബോർഡിൽ എത്തിയെന്നതും ശ്രദ്ധേയം.
ലീഡ് ഉയർത്താൻ ഇന്ത്യ
രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യക്ക് 75 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. ശുഭ്മാൻ ഗിൽ (4), ഹനുമ വിഹാരി (11), വിരാട് കോഹ്ലി (20) എന്നിവരാണ് പുറത്തായത്. ജയിംസ് ആൻഡേഴ്സണും സ്റ്റൂവർട്ട് ബ്രോഡിനും സ്റ്റോക്സിനുമാണ് വിക്കറ്റ്. 39 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 113 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വർ പൂജാര (47), ഋഷഭ് പന്ത് (22) എന്നിവർ ക്രീസിലുണ്ട്. 245 റൺസ് ലീഡായി ഇന്ത്യക്ക്.