യുഎഇ നിർഭാഗ്യം തുടർക്കഥ
Friday, August 19, 2022 1:17 AM IST
ദുബായ്: എഐഎഫ്എഫിന് ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെ ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് മുൻനിശ്ചയിച്ച യുഎഇ പര്യടനത്തിലെ സന്നാഹ മത്സരങ്ങൾ റദ്ദാക്കേണ്ടിവന്നു.
വിലക്കുള്ളതിനാൽ ഇന്ത്യൻ ക്ലബ്ബുകളുമായി മത്സരങ്ങൾ പാടില്ലെന്ന് ഫിഫയുടെ നിർദേശം ഉണ്ടായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് യുഎഇ പര്യടനത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു ചുവടു പിഴയ്ക്കുന്നത്.
2019-20 സീസണിൽ ഒരു മത്സരം മാത്രം കളിച്ചശേഷം കേരള ബ്ലാസ്റ്റേഴ്സിന് യുഎഇ പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു. സ്പോണ്സർ പിന്മാറിയതോടെ ആയിരുന്നു അത്. 2019 സെപ്റ്റംബറിലായിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സ് യുഎഇയിൽ എത്തിയത്.
കോവിഡ് മഹാമാരി എത്തിയതോടെ അടച്ചിട്ട സ്റ്റേഡിയങ്ങളിലേക്ക് ഐഎസ്എൽ ഒതുങ്ങിയിരുന്നു. അതിനുശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ പര്യടനമായിരുന്നു ഇത്തവണത്തേത്. മത്സരങ്ങൾ കളിക്കാൻ സാധിക്കില്ലെങ്കിലും ദുബായിൽ പരിശീലനം നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം.