പെറ്ററിന്റെ മകൻ കോർഡ
Monday, January 23, 2023 12:24 AM IST
സെബാസ്റ്റ്യൻ കോർഡ എന്ന പേര് ടെന്നീസ് പ്രേമികൾ കുറിച്ചു വയ്ക്കുന്നത് നല്ലതാണ്, വയസ് 22 ആയതുകൊണ്ട് മാത്രമല്, രക്തത്തിൽ ടെന്നീസ് ഉള്ള ആളാണ് സെബാസ്റ്റ്യൻ... രക്തത്തിൽ അലിഞ്ഞ ടെന്നീസ് കളിയെ തിരിച്ചറിയാൻ സെബാസ്റ്റ്യൻ കോർഡയ്ക്ക് 10 വയസ് ആകേണ്ടിവന്നു എന്നതാണ് ശ്രദ്ധേയം. ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസിൽ ക്വാർട്ടർ ഫൈനൽ ബെർത്ത് സ്വന്തമാക്കിയശേഷമാണ് സെബാസ്റ്റ്യൻ കോർഡ എന്ന അമേരിക്കൻ താരം താൻ ടെന്നീസിലേക്ക് എത്തിയതെങ്ങനെയെന്ന് വെളിപ്പെടുത്തിയത്.
10 വയസ് വരെ ഞാൻ ഐസ് ഹോക്കി കളിച്ച് നടക്കുകയായിരുന്നു. ഞങ്ങൾക്ക് ഒരു മികച്ച ടീം തന്നെയുണ്ടായിരുന്നു. 2000ൽ അമേരിക്കൻ ചാന്പ്യന്മാരും ഞങ്ങളായിരുന്നു. 2009 യുഎസ് ഓപ്പണിൽ നൊവാക് ജോക്കോവിച്ചും റാഡക് സ്റ്റെഫാനെക്കും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം കാണാൻ ഇടയായി. എന്റെ പിതാവായിരുന്നു റാഡക്കിന്റെ പരിശീലകൻ. രാത്രി 10.30ന് നൊവാക് ജോക്കോവിച്ചും റാഡകും തമ്മിലുള്ള മത്സരം കണ്ടുകഴിഞ്ഞതോടെ എന്റെ മനസ് മാറി.
ടെന്നീസിലേക്ക് അതോടെ ഞാൻ തിരിഞ്ഞു - സെബാസ്റ്റ്യൻ കോർഡ പറഞ്ഞു. അതെ, നൊവാക് ജോക്കോവിച്ചിന്റെ മത്സരം കണ്ടാണ് സെബാസ്റ്റ്യർ കോർഡ ടെന്നീസ് ലോകത്തേക്ക് എത്തിയത്. സെബാസ്റ്റ്യൻ കോർഡയുടെ പിതാവ് പെറ്റർ കോർഡ 1998 ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ചാന്പ്യനായിരുന്നു. 1992ൽ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ച പെറ്റർ ലോക രണ്ടാം റാങ്കിൽവരെ എത്തി. ടെന്നീസ് താരമായിരുന്ന റെജിന രജഛ്ത്രോവയാണ് സെബാസ്റ്റ്യൻ കോർഡയുടെ മാതാവ്. ചെക് റിപ്പബ്ലിക് മുൻതാരങ്ങളായ പെറ്ററഉം റെജിനയും അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
സെബാസ്റ്റ്യർ കോർഡയുടെ ആദ്യകാല ഗുരുവും പെറ്റർ ആയിരുന്നു. പെറ്ററിന്റെ ശിക്ഷ്യനായിരുന്ന റാഡക് സ്റ്റെഫാനെക് ആണ് സെബാസ്റ്റ്യന്റെ ഇപ്പോഴത്തെ കോച്ച്.