കിരീടമില്ലാതെ റോണോ
Monday, May 29, 2023 12:40 AM IST
റിയാദ്: സൗദി പ്രോ ലീഗിൽ ആദ്യ സീസണ് കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു കിരീടമില്ല. അൽ ഇത്തിഹാദാണ് ഇക്കുറി കപ്പടിച്ചത്. ഇന്നലെ എത്തിഫാഖിനോട് സമനില (1-1) വഴങ്ങിയതാണ് അൽ നസറിനു വിനയായത്. ഇതോടെ അൽ ഇത്തിഹാദ് കിരീടമുറപ്പിച്ചു.
ലീഗിൽ 29 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇത്തിഹാദിന് 69 പോയിന്റും അൽ നസറിന് 64 പോയിന്റുമാണുള്ളത്. ഇനി ഒരു മത്സരമേ ലീഗിൽ അവശേഷിക്കുന്നുള്ളൂ. അൽ ഇത്തിഹാദിന്റെ ഒന്പതാം ലീഗ് കിരീടമാണിത്. 2009ലാണ് ഇത്തിഹാദ് ഇതിനു മുന്പ് കിരീടം സ്വന്തമാക്കിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് സൗദിയിലെത്തിയ റൊണാൾഡോയ്ക്ക് ഇതുവരെ പ്രതിഭയ്ക്കൊത്ത പ്രകടനത്തിനു സാധിച്ചിട്ടില്ല. 16 മത്സരങ്ങളിൽനിന്ന് 14 ഗോളാണ് റോണോയുടെ സന്പാദ്യം.