ഇന്ത്യ x പാക്കിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം ഇന്ന്
Sunday, September 10, 2023 1:13 AM IST
കൊളംബൊ: 10 ദിവസത്തിന്റെ ഇടവേളയിൽ ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് മൈതാനത്ത് രണ്ടാം തവണയും ഏറ്റുമുട്ടുന്നു. ഏഷ്യ കപ്പിലാണ് ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ വൈരിപ്പോരാട്ടത്തിന്റെ രണ്ടാം പതിപ്പ് അരങ്ങേറുന്നത്.
ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ കൊളംബൊ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം.
ഗ്രൂപ്പ് എയിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ മത്സരം മഴയെത്തുടർന്ന് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. എന്നാൽ, ഈ മാസം രണ്ടിന് നടന്ന മത്സരത്തിൽ 48.5 ഓവറിൽ 266 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയതിന്റെ മാനസിക മുൻതൂക്കം പാക്കിസ്ഥാനുണ്ട്.
റിസർവ് ദിനം
ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടത്തിൽ മഴ വില്ലനായാൽ റിസർവ് ദിനം ഉണ്ട്. സൂപ്പർ ഫോറിൽ റിസർവ് ദിനമുള്ള ഏക മത്സരമാണ് ഇന്ത്യ x പാക്കിസ്ഥാൻ.
കൊളംബൊയിലെ മഴസാധ്യത പരിഗണിച്ച് ഹന്പൻടോട്ടയിലേക്ക് മത്സരം മാറ്റാൻ പാക് ക്രിക്കറ്റ് ബോർഡ് ശ്രമം നടത്തിയെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ (എസിസി) അതിനു വഴങ്ങിയില്ല. ബിസിസിഐ സെക്രട്ടറി ജെയ് ഷയാണ് എസിസി പ്രസിഡന്റ്.