ഞെട്ടി മാമാ!
Tuesday, September 26, 2023 3:04 AM IST
മാഡ്രിഡ്: അഞ്ചു തുടർജയങ്ങൾക്കുശേഷം മാഡ്രിഡ് ഡെർബിക്കിറങ്ങിയ റയലിനെ ഞെട്ടിച്ച് അത്ലറ്റിക്കോ. സ്പാനിഷ് ലാ ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ ജയം.
അൽവാരോ മൊറാട്ട (4’, 46’) അത്ലറ്റിക്കോയ്ക്കായി ഇരട്ടഗോൾ നേടിയപ്പോൾ ആൻത്വാൻ ഗ്രീസ്മാനും (18’) ടീമിനായി ലക്ഷ്യംകണ്ടു. 35-ാം മിനിറ്റിൽ ലോംഗ് റേഞ്ചറിലൂടെ ടോണി ക്രൂസാണ് റയലിന്റെ ആശ്വാസഗോൾ നേടിയത്.
സീസണിൽ റയലിന്റെ ആദ്യ തോൽവിയാണിത്. ലീഗിൽ ആറു മത്സരങ്ങൾ പൂർത്തിയായപ്പോൾ 16 പോയിന്റുമായി ബാഴ്സലോണ ഒന്നാമതും ജിറോണ രണ്ടാമതുമാണ്. 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയൽ.