കിരീടം എന്ന ബ്ലാസ്റ്റേഴ്സ് സ്വപ്നം കന്നിക്കിരീടം എന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്വപ്നം ഈ സീസണിലെങ്കിലും പൂവണിയുമോ എന്നതാണ് കണ്ടറിയേണ്ടത്. സ്വീഡിഷുകാരനായ മിഖേൽ സ്റ്റാറെയുടെ ശിക്ഷണത്തിൽ ഇറങ്ങുന്ന ആദ്യ സീസണ് ആണിത്.
ഡ്യൂറൻഡ് കപ്പിൽ സ്റ്റാറെയുടെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. മൊറോക്കൻ ലെഫ്റ്റ് വിംഗർ നോഹ് സദൗയി, ഫ്രഞ്ച് ഡിഫെൻവീസ് മിഡ്ഫീൽഡർ അലക്സാന്ദ്രെ കോഫ്, സ്പാനിഷ് സെന്റർ സ്ട്രൈക്കർ ജെസ്യൂസ് ജിമെനെസ് എന്നിവരാണ് 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ പുതുമുഖങ്ങൾ.
ഇവർക്കൊപ്പം ഉറുഗ്വെൻ പ്ലേ മേക്കറും ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണ, മോണ്ടിനെഗ്രോ സെൻട്രൽ ഡിഫെൻഡർ മിലോസ് ഡ്രിൻസിച്ച്, ഘാന സെന്റർ സ്ട്രൈക്കർ ഖ്വാമെ പെപ്ര എന്നിവരും ഉൾപ്പെടുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ വിദേശസംഘം.
ആക്രമണം നെക്സ്റ്റ് ലെവൽ കേരള ബ്ലാസ്റ്റേഴ്സിന്റെ 2024-25 സീസണ് ആക്രമണം നെക്സ്റ്റ് ലെവൽ ആകുമെന്നാണ് പ്രതീക്ഷ. ഖ്വാമെ പെപ്ര-നോഹ് സദൗയി-ജെസ്യൂസ് ജിമെനെസ് എന്നിങ്ങനെ മൂന്നു വിദേശ മുന്നേറ്റക്കാരാണ് ബ്ലാസ്റ്റേഴ്സ് സംഘത്തിലുള്ളത്.
ഇവർക്കൊപ്പം കെ.പി. രാഹുൽ, ഇഷാൻ പണ്ഡിത, മുഹമ്മദ് ഐമൻ തുടങ്ങിയ സ്വദേശിതാരങ്ങളും അണിനിരക്കും. അഡ്രിയാൻ ലൂണയാണ് ക്യാപ്റ്റൻ. മിലോസ് ഡ്രിൻസിച്ച് വൈസ് ക്യാപ്റ്റനും.