കിള്ളിയാറ്റിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു
1568416
Wednesday, June 18, 2025 10:24 PM IST
മെഡിക്കൽ കോളജ്: ഫോർട്ട് സ്റ്റേഷൻ പരിധിയിൽ മണക്കാട് ഇരുമ്പു പാലത്തിനു സമീപം കിള്ളിയാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്നാട് തിരുനെൽവേലി സ്വദേശി വിൻസന്റ് രാജ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 ഓടുകൂടിയാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.
കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് ഫോർട്ട് സിഐ ശിവകുമാർ പറഞ്ഞു. വിൻസന്റ് രാജിനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ആറ്റിൽ മൃതദേഹം കണ്ടെത്തുന്നത്.
മരിച്ചത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനു ശേഷമാണ് വിൻസന്റ് രാജാണ് മരിച്ചതെന്ന് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞത്. അബദ്ധത്തിൽ ആറ്റിൽ വീണ് മരിച്ചതെന്നാണ് പോലീസ് നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.