ലൂർദുപുരം സെന്റ് ഹെലന്‍സിലെ വായനദിനം : എഴുത്തുകുട്ടികളുടെ സംഗമവും അക്ഷരപ്പച്ചയും
1568634
Thursday, June 19, 2025 6:39 AM IST
നെയ്യാറ്റിന്‍കര : "മുല്ലക്കുട്ടി'യുടെ വിദ്യാലയത്തിലെ വായനദിനാഘോഷത്തില് അതിഥിയായി "ഊഞ്ഞാലുകുട്ടി' ഇന്നെത്തും. മലയാളം, ഇംഗ്ലീഷ് കഥയെഴുത്തുകാരുടെ സംഗമവേദികൂടിയാകും ലൂര്‍ദുപുരം സെന്റ് ഹെലന്‍സ് സ്കൂളിലെ ഇന്നത്തെ ദിനാചരണം.
ഏറ്റവും പ്രായം കുറഞ്ഞ നാലു എഴുത്തുകാരാണ് ലൂര്‍ദുപുരം സെന്റ് ഹെലന്‍സ് സ്കൂളിലെ വൈവിധ്യമാര്‍ന്ന വായനാദിനാഘോഷങ്ങളുടെ ഭാഗമാകുന്നത്. വിളവൂര്‍ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയും "ഊഞ്ഞാലുകുട്ടിയുടെ ഉമ്മിണിക്കാര്യങ്ങള്‍' എന്ന കഥാപുസ്തകത്തിന്റെ രചയിതാവുമായ ആര്.പി. വരദയാണ് ലൂര്‍ദുപുരം സ്കൂളിലെ വായനാവാരാഘോഷ പരിപാടികളുടെ ഉദ്ഘാടക. ഈ സ്കൂളിലെ മൂന്നു എഴുത്തുകാരും ചടങ്ങില്‍ ആദരിക്കപ്പെടുന്നുണ്ട്.
"മുല്ലക്കുട്ടിയുടെ വിശേഷങ്ങള്‍' എന്ന കഥാസമാഹാരത്തിന്റെ രചയിതാവായ അഷ്നിക കാര്‍മല്‍, "റയാസ് പ്ലാന്റ്' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ ശില്‍പ്പികളായ ജെ.ബി. അലീന, ജ്യൂവല്‍ എസ്. ജോണ്‍ എന്നിവര്‍ക്ക് സ്കൂള്‍ സ്നേഹാദരം ഒരുക്കിയിട്ടുണ്ട്. വരദയുടെ ആദ്യപുസ്തകം കഴിഞ്ഞ വായനാദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. ഇക്കഴിഞ്ഞ നിയമസഭാ പുസ്തകോത്സവത്തില്‍ അഷ്നികയുടെ കഥാപുസ്തകം മന്ത്രി ജി.ആര്. അനില്‍ പ്രകാശനം ചെയ്തു.
ഇരുവരുടെയും പുസ്തകങ്ങള്‍ പ്രസാധനം ചെയ്തത് കാര്‍ട്ടൂണിസ്റ്റ് ഹരി ചാരുത മാനേജിംഗ് എഡിറ്ററായ മൈന്‍ഡ് പബ്ലിക്ക എന്ന പബ്ലിക്കേഷന്‍ ഗ്രൂപ്പാണെന്നതും മറ്റൊരു പ്രത്യേകത. അലീനയുടെയും ജ്യൂവലിന്റെയും സംയുക്തസംരംഭമായ "റയാസ് പ്ലാന്റ്' പ്രകാശനം ചെയ്തത് മന്ത്രി വി. ശിവന്‍കുട്ടിയാണ്. ഇന്നത്തെ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എല്‍സമ്മ തോമസ്, പിടിഎ പ്രസിഡന്റ് അഡ്വ. ബെയ്സില്‍ ഷിബു, സ്റ്റാഫ് പ്രതിനിധികളായ നിഷ, നീനു എന്നിവര്‍ സംബന്ധിക്കും.
അക്ഷരപ്പച്ച, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ വായനാവാരത്തോടനുബന്ധിച്ചു നടക്കുമെന്നു സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വായനാവാരം 25ന് സമാപിക്കും.