തൃപ്പാദം അഗതിമന്ദിരം മണ്ഡപത്തിൻവിള ക്ഷേത്രം റോഡ് ശോച്യാവസ്ഥയിൽ
1568639
Thursday, June 19, 2025 6:39 AM IST
നെടുമങ്ങാട്: തൃപ്പാദം അഗതി മന്ദിരം മണ്ഡപത്തിൻവിള ക്ഷേത്രം റോഡ് പൊട്ടി പൊളിഞ്ഞു തകർന്നു. ഇവിടെ കാൽനടയാത്ര പോലും ദുരിതമാണ്. ടാർ കുത്തിയൊലിച്ചു മെറ്റൽ ഇളകിത്തെറിക്കുന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവായിട്ടുണ്ട്. വെമ്പായം-പഴകുറ്റി പ്രധാനപാതയിൽ വേങ്കവിള ജംഗ്ഷനിൽനിന്നും ബ്ലോക്ക് ഓഫീസിലേക്കുപോകുന്ന റോഡിന്റെ ഭാഗമാണ് അഗതി മന്ദിരം മണ്ഡപത്തിൻവിള ക്ഷേത്രം റോഡ്.
ബ്ലോക്കോഫീസിൽ പോകുന്നവരും അഗതിമന്ദിരത്തിൽ എത്തുന്നവരും ക്ഷേത്രവിശ്വാസികളും ഉൾപ്പടെ നൂറുകണക്കിനു യാത്രക്കാർ നിത്യവും സഞ്ചരിക്കുന്ന റോഡിനാണ് ഈ ഗതി. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ നഗരസഭയും പഞ്ചായത്തും പരസ്പരം പഴിചാരാലിലാണ്. അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ സമരരംഗത്ത് ഇറങ്ങുമെന്നു നാട്ടുകാർ പറഞ്ഞു.