യുഡിഎഫിന്റെ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം
1588431
Monday, September 1, 2025 5:11 AM IST
അഴൂർ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം
ചിറയിൻകീഴ്: അഴൂർ പഞ്ചായത്ത് ഓഫീസ് അറ്റകുറ്റപ്പണികളുമാ യി ബന്ധപ്പെട്ട് ഒരു കോടി രൂപയ്ക്കടുത്തു ചെലവഴിച്ചതിൽ വ്യാപക ക്രമക്കേടും അഴിമതിയും ആരോപിച്ചു യുഡിഎഫ് അഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്കു നടത്തിയ ബഹുജന മാർച്ചിൽ സംഘർഷം.
പെരുംകുഴി ജംഗ്ഷനിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ ഓഫീസിനു മുന്നിൽ ചിറയിൻകീഴ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. ഇതിനിടയിൽ ചില പ്രവർത്തകർ ഓഫീസ് ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചത് പോലീസുമായി സംഘർഷത്തിന് കാരണമായെങ്കിലും നേതാക്കൾ ഇടപെട്ടു പ്രവർത്തകരെ പിന്തിരിപ്പിച്ചു. പ്രതിഷേധസമരം യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ബിജു ശ്രീധറിന്റെ അധ്യക്ഷതയിൽ കെപിസിസി നിർവാഹകസമിതി അംഗം ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.
നിലവിലെ കെട്ടിടത്തിന്റെ ഫിറ്റ്നസ് പോലും പരിശോധിക്കാതെ ഇത്രയും തുകയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തിയതി ലും നിർമാണവുമായി ബന്ധപ്പെട്ട 10 ഓളം കരാറുകൾ ഒരേ കോൺട്രാക്ടർമാർക്കു ലഭിച്ചതിലും വിജിലൻസ് അന്വേഷണം നടത്തമെന്ന് ടി. ശരത്ചന്ദ്ര പ്രസാദ് ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കുന്നതിനും തെരുവ് വിളക്കുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തുന്തിനും ഫണ്ടില്ലെന്നു ഭരണ സമിതി പറയുമ്പോഴും ഇത്രയും ഭീമമായ തുക ഓഫീസ് അറ്റകുറ്റപ്പണികൾക്കു മാത്രമായി ഉപയോഗിക്കുന്നതിനെതിരെ നേരത്തെ പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ വിയോജനക്കുറുപ്പ് രേഖപ്പെടുത്തിയിരുന്നു.
200 സ്ക്വയർ ഫീറ്റ് മാത്രം വലിപ്പമുള്ള അസിസ്റ്റന്റ് എൻജിനീയറുടെ മുറിയുടെ നവീകരണത്തിനായി 20 ലക്ഷം രൂപയുടെ പ്രൊജക്ട് വച്ചതിലും പ്രതിഷേധം ഉയർന്നിരുന്നു.
പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, മുസ്്ലീം ലീഗ് സംസ്ഥാന സമിതി അംഗം പ്രഫ. തോന്നയ്ക്കൽ ജമാൽ, ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്. അജിത്ത് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്് എം.എസ്. നൗഷാദ്, ബി. എസ്. അനൂപ്, സജിത്ത് മുട്ടപ്പലം, ജസീം മാകാണി, നസിയ സുധീർ, സി. എച്ച്. സജീവ്, ശിവപ്രസാദ്, നവാസ് മാടൻവിള, അച്ചു അജയൻ എന്നിവർ സംസാരിച്ചു...