വയോധികനെ ആക്രമിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍
1588439
Monday, September 1, 2025 5:11 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് ജംഗ്ഷനില്‍ പിരിവിനെത്തിയ വയോധികനെ മർദിച്ച സംഭവത്തില്‍ ഓട്ടോഡ്രൈവറെ വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടി. വള്ളക്കടവ് വയ്യാമൂല സ്വദേശി ദീപു (39) വിനെയാണ് വള്ളക്കടവില്‍നിന്നു പോലീസ് കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. സ്വകാര്യാവശ്യവുമായി വട്ടിയൂര്‍ക്കാവിലെത്തിയ ഡ്രൈവര്‍ക്കു സമീപമെത്തിയ വയോധികന് പണം ആവശ്യപ്പെട്ടതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. വയോധികന് ഭേദപ്പെട്ട നിലയില്‍ വസ്ത്രധാരണം ചെയ്തയാളായിരുന്നു. പ്രദേശത്തു പണം തട്ടിപ്പിനെത്തിയ ആളാണെന്നു തെറ്റിദ്ധരിച്ചാണ് വയോധികനെ മര്‍ദിച്ചതെന്നു ദീപു പോ ലീസിനു മൊഴിനല്‍കി. അതേസമയം മര്‍ദനമേറ്റയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
സംഭവം കണ്ടുനിന്ന ഒരു പ്രദേശവാസിയാണ് വട്ടിയൂര്‍ക്കാവ് പോലീസില്‍ വിവരം ധരിപ്പിക്കുന്നത്. തുടർന്നു കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ദീപുവിനെ പിന്നീട് സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയച്ചു. വയോധികന് ആരെന്നു കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരുന്നതായി വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു.