ഫിഷറീസ് ഫ്ളാറ്റുകളില്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യം
1588432
Monday, September 1, 2025 5:11 AM IST
തിരുവനന്തപുരം: മുട്ടത്തറയിലെ പ്രതീക്ഷ, പ്രത്യാശ, ഫ്ളാറ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന് പ്രതിനിധി സംഘം പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി. മത്സ്യ തൊഴിലാളികള്‍ക്ക് കടലിലേക്കു പോകാനും തിരിച്ചു വരാനും സ്ത്രീകള്‍ക്കു കച്ചവടത്തിനും ആരാധനാലയങ്ങളിലേക്കും പോകാനും പൊതുസമൂഹവുമായി ബന്ധപ്പെടാനും സ്ഥിരമായ യാത്രാസൗകര്യം നിര്‍ണായകമാണെന്ന് ഫെഡറേഷന് വിലയിരുത്തി.
മത്സ്യബന്ധനത്തിനായി ദിവസവും തീരത്തേക്കും തിരികെ വീട്ടിലേക്കുമുള്ള യാത്ര വളരെ ക്ലേശകരമാണ്. പ്രത്യേകിച്ച്, മീന്‍ വില്‍പ്പനയ്ക്കായി പോകുന്ന സ്ത്രീകള്‍ക്ക് ഉയര്‍ന്ന യാത്രാചെലവ് വഹിക്കേണ്ടി വരുന്നത് ജീവിതം ദുസഹമാക്കുന്നു. ഫിഷറീസ് ഫ്ളാറ്റുകളില്‍ താമസിക്കുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ പൊതുജീവിതവും ഉപജീവനവും സുരക്ഷിതമാക്കാന്‍ അടിയന്തരമായി ഗതാഗത സൗകര്യം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നു ഫെഡറേഷന് വിലയിരുത്തി.
ഇതിനായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ഫ്ളാറ്റുകളുമായി ബന്ധിപ്പിക്കുന്ന വിധത്തില്‍ സ്ഥിരം ബസ് സര്‍വീസുകള്‍ തുടങ്ങുകയും ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്, സംസ്ഥാന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എഫ്.എം. ലാസര്‍, റംല ബീവി ബീമാപള്ളി, മെഡോണ കൊച്ചുവേളി, അച്ചാമ്മ വലിയതുറ തുടങ്ങിയവര്‍ പങ്കെടുത്തു.