നെയ്യാര്‍ മേളയ്ക്ക് തുടക്കമായി; ആദ്യനാളുകളിൽ തിരക്ക്
1588433
Monday, September 1, 2025 5:11 AM IST
നെയ്യാറ്റിന്‍കര : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർ മേളയുടെ പത്താമത് എഡിഷന് തുടക്കമായി. ത്രീ ഡി പ്ലാനറ്റോറിയം ഷോയും വ്യാവസായിക ഉത്പന്ന പ്രദര്‍ശനവും കാര്‍ണിവലും കൂടാതെ പ്രധാന അരങ്ങിലെ കലാവിരുന്ന് ആസ്വദിക്കാനും തിരക്കേറി.
കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഒരുക്കിയിട്ടുള്ള മേളയിലേയ്ക്ക് മഴയൊഴിഞ്ഞ സായാഹ്നങ്ങളിലാണ് സന്ദര്‍ശകര്‍ കൂടുതലായി എത്തുന്നത്. ആറാലുംമൂട് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ ആകര്‍ഷകമായി അവതരിപ്പിച്ചിട്ടുള്ള വൈവിധ്യങ്ങളുടെ വിസ്മയപൂരം വ്യത്യസ്ത തലമുറകള്‍ക്ക് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.
വിദ്യാലയങ്ങളില്‍ ഓണാവധി ആരംഭിച്ചതോടെ കുട്ടികളുമൊരുമിച്ച് കുടുംബസമേതമാണ് സന്ദര്‍ശകര്‍ നെയ്യാറ്റിന്‍കരയിലെ ഏറ്റവും വിപുലമായ ഓണാഘോഷത്തിന്റെ ഭാഗമാകാന്‍ വരുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്നലെകളില്‍ പരിചിതമായിരുന്ന ഒട്ടനേകം വസ്തുക്കള്‍ ഉള്‍പ്പെടുന്ന പുരാവസ്തു പ്രദര്‍ശനം വിജ്ഞാനപ്രദം കൂടിയാണ്.
കളിമണ്ണില്‍ തത്സമയം ഉത്പന്നങ്ങള്‍ മെനയുന്നതും പുതുതലമുറയിലെ പലര്‍ക്കും കൗതുകാനുഭവം സമ്മാനിക്കുന്നു. മേളയുടെ അഞ്ച് കിലോമീറ്റര്‍ പരിസരത്തെ വൈദ്യുതദീപാലങ്കാരവും ഇപ്രാവശ്യത്തെ മേളയുടെ വിശേഷങ്ങളിലൊന്നാണ്.