നവീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന് മഠത്തുനടയിലെ ഉദ്യാനം
1588441
Monday, September 1, 2025 5:17 AM IST
പേരൂര്‍ക്കട: നവീകരണം നടത്തി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞ് മഠത്തുനടയിലെ ഉദ്യാനം. സാഗര റസിഡന്റ്സ് അസോസിയേഷന് പരിധിയില്‍ വരുന്ന മഠത്തുനട ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡിനോടു ചേര്‍ന്നുള്ള ഉദ്യാനമാണ് പൂർണമായും നശിച്ചത്.
ഏകദേശം നാലുമാസത്തിനു മുമ്പാണ് ഇവിടെ മനോഹരമായ പുല്‍ത്തകിടി വച്ചുപിടിപ്പിക്കുകയും മുളകള്‍ കൊണ്ടുള്ള സംരക്ഷണവേലി സ്ഥാപിക്കുകയും ചെയ്തത്. മുളന്തടികള്‍ അവിടവിടെ ഇളകിക്കിടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്.
കരിഞ്ഞുണങ്ങിക്കിടക്കുകയാണ് പുല്‍ത്തകിടി. വെറ്റിംഗ് ഷെഡിനു സമീപം രണ്ടു ഫ്ളക്സ് ബോര്‍ഡുകളുടെ അവശിഷ്ടങ്ങളും കാണാന്‍ സാധിക്കും. തിരുവനന്തപുരം നഗരസഭയുടെ മേല്‍നോട്ടത്തില്‍ ഏറെ ആകര്‍ഷകമാക്കുകയും മനോഹരമായ ചെടികള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്ന ഭാഗമാണ് ഇപ്പോള്‍ പൂര്‍ണമായും നശിച്ചു കിടക്കുന്നത്.
കുറഞ്ഞത് 50,000 രൂപയെങ്കിലും മുടക്കിയാണ് നവീകരണം പൂര്‍ത്തീകരിച്ചത്. ചെടികള്‍ക്കു വെള്ളമൊഴിച്ചുകൊണ്ടിരുന്നവരെയും ഇടയ്ക്കിടെ നേരിട്ടുവന്ന് ഉദ്യാനം പരിപാലിച്ചുകൊണ്ടിരുന്നവരെയും ഇപ്പോള്‍ കാണാനില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.