നാടെങ്ങും ഓണാഘോഷ പരിപാടികൾ
1588437
Monday, September 1, 2025 5:11 AM IST
നെയ്യാറ്റിൻകര: താലൂക്കിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെയും കുടുംബശ്രീ കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ നടന്നു.
വടക്കേകോട്ട റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. അജിത, എസ്എച്ച്ഒ പ്രവീണ്‍ എന്നിവര്‍ സംബന്ധിച്ചു.
നിലമേല്‍ റസിഡന്റ്സ് അസോസിയേഷന് സംഘടിപ്പിച്ച ഓണാഘോഷം - 2025 നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന്, കൗണ്‍സിലര്‍മാരായ അമ്മിണി, മഞ്ചത്തല സുരേഷ് എന്നിവര്‍ സംബന്ധിച്ചു.
കഴിവൂര്‍ മഞ്ചാംകുഴി പുലരി ഫാമിലി ക്ലബിലെ ഓണാഘോഷവും വാര്‍ഷികാഘോഷവും സ്നേഹ കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ ഓണാഘോഷം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര രൂപതയിലെ ഉച്ചക്കട വിശുദ്ധ കൊച്ചുത്രേസ്യ ദൈവാലയാങ്കണത്തിൽ നിഡ് സിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിട്ട. പ്രഥമാധ്യാപകനും പുരാവസ്തു സംരക്ഷകനുമായ സെല്‍വരാജ് ജോസഫ് ഒരുക്കിയ വൈജ്ഞാനിക വിസ്മയക്കാഴ്ച പ്രദർശനം ശ്രദ്ധേയമായി. അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അനിത ഉദ്ഘാടനം ചെയ് തു. ക്ലബ് പ്രസിഡന്റ് വൈ.എല്‍. സുഗതന് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്ത്തകന് ഗിരീഷ് പരുത്തിമഠം മുഖ്യാതിഥിയായി.
പായസ മത്സരം
പേരൂര്‍ക്കട: ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടില്‍ പായസമേള സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടിന് ഉച്ചയ്ക്ക് ഒരുമണിക്കാണ് പായസമേള. മത്സരാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 12നു മുമ്പ് ഗ്രൗണ്ടില്‍ ഹാജരാകണം. വൈകുന്നേരം നടത്തുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനുമുമ്പ് ഓണാഘോഷം ഫുഡ്കമ്മിറ്റിയില് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 94464 55047
ഊഞ്ഞാൽ ഇല്ലാതെ എന്ത് ഓണാഘോഷം
പാപ്പനംകോട് രാജൻ
നേമം: ഓണം ഓർമകളിലെന്നും ഊഞ്ഞാലുകൾക്ക് പ്രഥമ സ്ഥാനമാണ്. വർഷങ്ങൾക്കുമുമ്പ് ചിങ്ങം പിറന്നാലുടൻ തന്നെ ഓണത്തിന്റെ വരവ് വറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ വൃക്ഷങ്ങളിൽ ഊഞ്ഞാലു കെട്ടുന്ന പതിവ് ഉണ്ടായിരുന്നു. എന്നാലിന്ന് മലയാളിയുടെ ഓണസങ്കൽപ്പങ്ങളിൽ ഒഴിച്ചു നിർത്താനാവാത്ത ഊഞ്ഞാൽ അപൂർവം ചില വീടുകളിലും പൊതുസ്ഥലങ്ങളിലുമായി ഒതുങ്ങി.
ഊഞ്ഞാലമായി ബന്ധപ്പെട്ട് പണ്ടു കാലത്ത് ധാരാളം പാട്ടുകളും മത്സരങ്ങളും ഉണ്ടായിരുന്നു. ഊഞ്ഞാലിലിരുന്ന് ഏറ്റവും കൂടുതൽ സമയം ആടി പറക്കുക, ഏറ്റവും ഉയരത്തിലെത്തി ഇലത്തൊട്ടു വരിക തുടങ്ങിയവയും ഓണപ്പാട്ടുകൾ പാടിയുള്ള ഊഞ്ഞാലാട്ടവും മലയാളിക്ക് ഗൃഹാതുരമായ ഓരോർമയാണ്.
നാട്ടിൽ നിന്നും മരങ്ങൾ വെട്ടിമാറ്റി മണ്ണായ മണ്ണിലെല്ലാം കോൺക്രീറ്റ് സൗധങ്ങളുയർന്നപ്പോൾ വീട്ടുമുറ്റത്തു നിന്നും ഊഞ്ഞാലു അപ്രത്യക്ഷമായി. ഇത്തരം ആഘോഷങ്ങൾ മറഞ്ഞതോടെ ഇന്നത്തെ തലമുറക്കു പഴയകാല ഓണത്തിന്റെ പ്രൗഡി ആസ്വാദിക്കാൻ കഴിയാതെയായി.
മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്ന, അല്ലെങ്കിൽ ടിവിയിൽ കാണുന്ന പഴയ ഓണക്കാല സ്മൃതികളിൽ മാത്രമായി കുട്ടികൾക്ക് ഊഞ്ഞാൽ. കുട്ടികൾക്ക് മത്സരിച്ച് ആടാനും പാടാനുമായി ഇന്നത്തെ തലമുറ പേരിനെങ്കിലും ഊഞ്ഞാലാടുന്നതു സ്കൂളുകളിലും കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും സംഘടനകളിലും നടത്തുന്ന ഓണാഘോഷ പരിപാടികളിൽ മാത്രമാണ്.
തുമ്പയും മുക്കുറ്റിയും അത്തവും പോലെ വയലേലകളും തൊടിയും ഓണത്തുമ്പികളും ഓണക്കളിയും പോലെ മലയാളിയുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ച് വയ്ക്കാം ഊഞ്ഞാലിനെയും.