പട്ടിണിയില്ലാത്ത കേരളം സർക്കാർ ലക്ഷ്യം: മന്ത്രി ജി.ആർ. അനിൽ
1588442
Monday, September 1, 2025 5:17 AM IST
നെടുമങ്ങാട്: കേരളത്തിലെ ഒരാളും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നു മന്ത്രി ജി.ആർ.അനിൽ. ഉഴമലയ്ക്കൽ പഞ്ചായത്തിലെ ഏലിയാവൂർ മാർക്കറ്റ് സ്റ്റാൾ, കുളപ്പട മാവേലി സ്റ്റോർ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജി.ആർ. അനിൽ.
അതിദരിദ്രരില്ലാത്ത കേരളം എന്ന വലിയ നേട്ടത്തിലേക്ക് സംസ്ഥാനം അടുക്കുകയാണ്. നവംബർ മാസം ഒന്നാം തീയതിയോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി. സ്റ്റീഫൻ എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽനിന്നും തുക വകയിരുത്തിയാണ് ഏലിയാവൂർ മാർക്കറ്റ് സ്റ്റാൾ ഇരുനിലകളിലായി നിർമിച്ചിരിക്കുന്നത്.
ഇതിനോടൊപ്പം നിർമിച്ച കുളപ്പട മാവേലി സ്റ്റോറിന്റെ പുതിയ കെട്ടിടവും ജനങ്ങൾക്കായി തുറന്നു നൽകി. ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സതീഷ് കുമാർ, ഉഴമലയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശേഖരൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. റഹീം തുടങ്ങിയവർ പങ്കെടുത്തു.