റോഡിലെ വെള്ളക്കെട്ടില്‍വീണ് ദമ്പതിമാർക്കും കുഞ്ഞിനും പരിക്ക്
1588438
Monday, September 1, 2025 5:11 AM IST
വെള്ളക്കെട്ടില്‍ നെൽച്ചെടി നട്ടു നാട്ടുകാര്‍
വെള്ളറട: വെള്ളറട പഞ്ചായത്തിലെ മണത്തോട്ടം വാര്‍ഡില്‍പ്പെട്ട ചൂണ്ടിക്കല്‍ കോട്ടയംവിള റോഡിലെ വെള്ളക്കെട്ടിൽ വീണു ദമ്പതിമാർക്കും കുഞ്ഞിനും പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. റോഡിലെ വെള്ളക്കെട്ടിന്റെ ആഴമറിയാതെ ബൈക്കോടിച്ചതാണ് അപകടത്തിനു കാരണമായത്. തുടലി സ്വദേശിയായ സദാശിവന്, ഭാര്യ നിര്‍മലകുമാരി, ഇവരുടെ മൂന്നു വയസുള്ള മകൻ അരവിന്ദ് എന്നിവർക്കാണു പരിക്കേറ്റത്.
എതിര് ദിശയില്‍നിന്നു വന്ന സൈക്കിളില്‍ മുട്ടാതിരിക്കാന്വേണ്ടി ബൈക്ക് കുഴിയിലിറക്കി ഓടിച്ചതാണ് അപകടത്തിനിടയാക്കിയത്. അല്‍പ്പം കൂടി ഇടതു വശത്തേക്കാണു വാഹനം ചരിഞ്ഞിരുന്നുവെങ്കില് ഏഴടിയോളം താഴ്ച്ചയുള്ള തോട്ടില്‍ പതിക്കുമായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഷാകുലരായ നാട്ടുകാര്‍ ഭീമന് കുഴിയിൽ ഞാറുനട്ടു പ്രതിഷേധിച്ചു.
വളരെ നാളായി ചൂണ്ടിക്കല്‍ കോട്ടയംവിള റോഡു തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. അപകടാവസ്ഥയിലായ റോഡിനെ അടിയന്തിരമായി കോണ്‍ക്രീറ്റോ ടാറോ ചെയ്ത് ബലപ്പെടുത്തണമെന്നു പ്രദേശവാസികള്‍ പല തവണ പഞ്ചായത്ത് പ്രസിഡന്റിനെ നേരില്‍കണ്ട് അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. ഇനിയെത്രനാൾ കാത്തിരുന്നാലാണ് റോഡു ടാറു ചെയ്യുകയോ കോൺഗ്രീറ്റ് ചെയ്യുകയോ ചെയ്യുകയെന്നുള്ള സംശയത്തിലാണു നാട്ടുകാർ. 100 കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണ് ചൂണ്ടിക്കല്‍-കോട്ടയംവിള റോഡ്.
സ്കൂള്‍ വാന്‍ അടക്കം നിരവധി വാഹനങ്ങള്‍ പ്രതിദിനം കടന്നു പോകുന്നുണ്ട്. റോഡില്‍ കയറുന്ന ഭാഗത്ത്, ജില്ലാ പഞ്ചായത്ത് മുൻ അംഗം അന്‍സജിതാ റസലിന്റെ നേതൃത്വത്തിൽ ലക്ഷങ്ങള്‍ ചെലവഴിച്ച് ഭീമന് പാലം നിർമിച്ചാണു കോട്ടയം വിളയിലേക്ക് കയറുന്നതിനുള്ള അവസരം ഒരുക്കിയത്. ബലവത്തായ പാലമുണ്ടെങ്കിലും റോഡ് അപകടാവസ്ഥയിലാണ്. ജില്ലാ പഞ്ചായത്തംഗം പണികഴിപ്പിച്ച പാലവുമായി ബന്ധിപ്പിക്കുന്ന ചൂണ്ടിക്കല്‍ കോട്ടയംവിള റോഡിനെ പഞ്ചായത്ത് പ്രസിഡന്റ് രാജ്മോഹന്‍ ബോധപൂര്‍വം അവഗണിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.
കൈവരിയില്ലാത്ത പാലത്തില്‍നിന്നും സ്കൂള്‍ വിദ്യാര്‍ഥികളും ബൈക്ക് യാത്രികരും സൈക്കിള്‍ യാത്രികരും തോട്ടില്‍വീണു പരിക്കേല്‍ക്കുന്നത് നിത്യ സംഭവമാണ്. ഈ സംഭവം വാര്‍ഡ് മെമ്പറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് നിഷേധിക്കുകയായിരുന്നുവെന്നുവെന്നാണു വാര്‍ഡ് മെമ്പര്‍ ദീപ്തി പറയുന്നത്.
എത്രയും പെട്ടെന്നു റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിലേക്കും പ്രസിഡന്റിന്റെ വീട്ടുപടിക്കലേക്കും മാർച്ചു നടത്തുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകി.