സ്കൂൾ വളപ്പിൽ കൃഷിയൊരുക്കി അധ്യാപകരും വിദ്യാർഥികളും
1593195
Saturday, September 20, 2025 7:00 AM IST
ആർ.സി.ദീപു
നെടുമങ്ങാട് : സ്കൂൾ മെസ്സിലേക്കുള്ള പച്ചക്കറി സ്വന്ത മായി കൃഷി ചെയ്യാൻ വിദ്യാർത്ഥി അധ്യാപക കൂട്ടായ്മ. സർക്കാരിന്റെ കീഴിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ അംബേദ്കർ വിദ്യാനികേതൻ സിബിഎസ് ഇ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് കുട്ടികളും അധ്യാപകരും ചേർന്ന് ജൈവ പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള ഈ സ്കൂളിൽ വിദ്യാർഥികൾ എല്ലാവരും ഇവിടെ താമസിച്ചാണ് പഠിക്കുന്നത്.ഇവർക്ക് മൂന്നുനേരം വേണ്ട ഭക്ഷണത്തിനു നിലവിൽ പുറത്തുനിന്നും പച്ചക്കറി വാങ്ങിയാണ് പാചകം നടത്തി വരുന്നത്.ഇതിനിടയിലാണ് തന്നെ വിഷരഹിത പച്ചക്കറി കൃഷി സ്വന്തമായി ചെയ്താലോ എന്ന ആശയം കുട്ടികളിൽ ഉദിക്കുന്നത്. ആശയം അധ്യാപകരെ അറിയിച്ചപ്പോൾ അവരും നാട്ടുകാരും പൂർണ പിന്തുണയുമായി എത്തുകയായിരുന്നു.
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുന്നൂറ്റിയറുപതോളം കുട്ടികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ള നാനൂറോളം പേർ സ്കൂളിൽ നി ന്നാണ് ഭക്ഷണം കഴിക്കുന്നത്.ഇവർക്ക് ആവശ്യമായ പച്ചക്കറികളാണ് ഇപ്പോൾ ഇവരുടെ പ്രയത്നം കൊണ്ട് കൃഷി ചെയ്യാൻ പോകുന്നത്.
പച്ചക്കറി കൃഷിക്ക് ആവശ്യമായ തൈകൾ പാലോട് ജില്ലാ കൃഷിതോട്ടത്തിൽ നിന്നും വിത്തുകൾ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നുമാണ് എത്തിച്ചത്. 12 ഏക്കർ സ്ഥലത്താണ് സ്കൂൾ കോമ്പൗണ്ട് നിലവിൽ ഉള്ളത്.കെട്ടിടം നിലനിൽക്കുന്ന സ്ഥലങ്ങളും മറ്റ് ആവശ്യങ്ങൾക്കുള്ള സ്ഥലങ്ങളും ഒഴികെ മറ്റുള്ള എല്ലാ സ്ഥലങ്ങളിലും കൃഷി നടത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
സ്കൂളിന് ചുറ്റുമതിൽ ഉള്ളതിനാൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഒന്നും കൃഷിയെ ബാധിക്കില്ല.കൃഷിക്ക് ആവശ്യമായ വെള്ളത്തിനും ഇവിടെ ക്ഷാമമില്ല.സ്കൂൾ കാമ്പസിൽ തന്നെ ഉറവ ഉള്ള ഒരു കുളം ഉണ്ട്. വേനൽക്കാലത്ത് ജലക്ഷാമം ഉണ്ടായാൽ പട്ടികവർഗ വികസന വകുപ്പ് അതിനും പരിഹാരം കണ്ടെത്താമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നു അധ്യാപകർ പറഞ്ഞു.കുട്ടികൾക്ക് വേണ്ട കൃഷി രീതികൾ പറഞ്ഞു കൊടുക്കുന്നത് സമീപവാസികളായ മുതിർന്ന കർഷകരാണ്.അവരെ കൂടി ഉൾപ്പെടുത്തിയാണ് മാതൃകാപരമായ കൃഷി രീതി സ്കൂളിൽ അവലംബിക്കുന്നത്.
സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടക്കത്തിൽ നൂറോളം ഗ്രോ ബാഗുകളിലും മറ്റു ഇടങ്ങളിലുമായി ആരംഭിച്ച കൃഷിയിൽ പയർ, ചീര, വെണ്ട,വാഴ, കത്തിരി,മുളക്, പടവലം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്.അതിനുപുറമേ മരിച്ചീനി കൃഷിയും ആരംഭിച്ചിട്ടുണ്ട്.വിവിധയിനം വാഴകൾ കൃഷി ചെയ്യാനും പദ്ധതിയുണ്ട്.
കുട്ടികൾക്ക് ചായയോടൊപ്പം നൽകുന്ന പഴംപൊരിക്ക് വേണ്ടി ഏത്തവാഴ കൃഷിയും ഇവർ ചെയ്യാൻ പദ്ധതിയിട്ടുണ്ട്. രണ്ടാംഘട്ടമായി കര നെൽകൃഷിയും ഇവിടെ നടപ്പിലാക്കും. ജൈവകൃഷി സ്കൂൾ മാനേജർ ഇൻ ചാർജ് വൈ.ആനി ഉദ്ഘാടനം ചെയ്തു. ജൈവ കൃഷിയുടെ പ്രാധാന്യത്തെ പറ്റിയും തുടർന്നുള്ള പരിപാലനത്തെ പറ്റിയും പ്രിൻസിപ്പൽ ഡോ. കെ. ജയരാജ് ക്ലാസ്സെടുത്തു.
അധ്യാപകരായ എക്കോ ക്ലബ്ബ് കൺവീനർമാർ സിദ്ധാർഥും ശരണ്യയും കുട്ടികളുടെ കാർഷിക പ്രവർത്തനങ്ങൾക്ക് ഉറച്ച പിന്തുണയുമായി രംഗത്തുണ്ട്. ഞാറനീലിയിൽ പട്ടിക വർഗ വികസന വകുപ്പിന്റെ സഹകരണത്തോടുകൂടി വിദ്യാർഥികളും അധ്യാപകരും ചേർന്നു നടപ്പിലാക്കുന്ന സ്കൂൾ വളപ്പിലെ വൈവിധ്യമാർന്ന കൃഷി രീതിക മറ്റു വിദ്യാലയങ്ങൾക്കും മാതൃകയാകും എന്ന കാര്യം ഉറപ്പാണ്.