നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് പുറപ്പെടും ; നെയ്യാറ്റിന്‍കരയില്‍ വരവേല്‍പ്പ് നാളെ
1593205
Saturday, September 20, 2025 7:12 AM IST
നെയ്യാറ്റിന്‍കര : അനന്തപുരിയിലെ നവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും ഇന്ന് പുറപ്പെടുന്ന സരസ്വതി ദേവിക്കും പരിവാരങ്ങള്‍ക്കും നാളെ നെയ്യാറ്റിന്‍കരയില്‍ ഭക്തിസാന്ദ്രമായ വരവേല്‍പ്പ് നല്‍കും.
പത്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ടിലെ സരസ്വതിദേവി, വേളിമലയിലെ കുമാരസ്വാമി, ശുചീന്ദ്രത്തെ മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങളാണ് ഘോഷയാത്രയായി തിരുവനന്തപുരത്തേയ്ക്ക് എഴുന്നള്ളുന്നത്. സരസ്വതി വിഗ്രഹം ആനപ്പുറത്തും കുമാരസ്വാമി, മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങള്‍ പല്ലക്കിലും എഴുന്നള്ളിക്കും.
കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ സൂക്ഷിച്ചിരിക്കുന്ന ഉടവാള് നവരാത്രി വിഗ്രഹ ഘോഷയാത്രയില്‍ അകന്പടി സേവിക്കും.ഇന്ന് രാവിലെ പത്മനാഭപുരത്തു നിന്നും പുറപ്പെടുന്ന വിഗ്രഹ ഘോഷയാത്ര രാത്രി കുഴിത്തുറ ശ്രീമഹാദേവ ക്ഷേത്രത്തില്‍ വിശ്രമിക്കും.നാളെ രാവിലെ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും ഭക്തജനങ്ങളും അടക്കം വലിയൊരു ജനാവലി വിഗ്രഹ എഴുന്നള്ളത്തിനെ കേരളത്തിലേയ്ക്ക് സ്വീകരിക്കും.
രാത്രിയോടെ നെയ്യാറ്റിന്‍കരയിലെത്തുന്ന ഘോഷയാത്രയ്ക്ക് കൃഷ്ണപുരം ഗ്രാമം ജംഗ്ഷനില്‍ നഗരസഭയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കും.
രാത്രി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ താത്കാലിക വിശ്രമത്തിനു ശേഷം തൊട്ടടുത്ത നാള് രാവിലെ എഴുന്നള്ളത്ത് തുടരും.
സരസ്വതിദേവിയെ കോട്ടയ്ക്കകത്തും കുമാരസ്വാമിയെ ആര്യശാല ഭഗവതിക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തുന്നതോടെ നവരാത്രി ഉത്സവത്തിനും തുടക്കമാകും. പൂജയെടുപ്പും ഒരു ദിവസത്തെ നല്ലിരിപ്പും കഴിഞ്ഞ് തിരികെ പത്മനാഭപുരത്തേയ്ക്ക് വിഗ്രഹങ്ങള്‍ മടങ്ങും. തിരിച്ചെഴുന്നള്ളത്തിലും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ക്ക് താത്കാലിക വിശ്രമമുണ്ട്.