വന്യജീവി സംരക്ഷണം : കേരള ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിൽ അഭിമാനം: ജോസ് കെ. മാണി
1592928
Friday, September 19, 2025 7:00 AM IST
തിരുവനന്തപുരം: വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നു കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കേരള കോ ൺഗ്രസ് - എം ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ നിയമഭേദഗതി ബിൽ വഴിയൊരുക്കിയിരിക്കുകയാണ്. ജനവാസ മേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന നിയമനിർമാണത്തിലേക്കു സംസ്ഥാനം കടക്കുന്നത് കേരള കോൺഗ്രസ്-എം നടത്തിയ പോരാട്ടങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകളും പരിഹാരങ്ങളും ഇനി ഉണ്ടാവുക നിയമസഭാ സബ്ജെക്ട് കമ്മിറ്റിയിലായിരിക്കും.ഈ ഘട്ടങ്ങളിലെല്ലാം തുടർച്ചയായി ഇടപെടലുകൾ കേരള കോൺഗ്രസ് -എം നടത്തും. നിയമസഭ ഒറ്റക്കെട്ടായി ഈ ബിൽ പാസാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സഹായദാസ് അധ്യക്ഷനായിരുന്നു.
എംഎൽഎമാരായ ഗവൺമെന്റ് ചീഫ് ഡോ. എൻ. ജയരാജ്, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജേക്കബ് തോമസ് അരികുപുറം തുടങ്ങിയവർ പ്രസംഗിച്ചു.