കണ്ടല സഹ. ആശുപത്രിയെ ബാങ്ക് കൈവിടുന്നു: ലീസിനു നൽകാൻ നീക്കം
1592925
Friday, September 19, 2025 7:00 AM IST
സഹ. ആശുപത്രിക്കായി മാത്രം വകമാറ്റി ചെലവഴിച്ചത് 25 കോടി
കോട്ടൂർ സുനിൽ
കാട്ടാക്കട: നിക്ഷേപകരുടെ പണം അപഹരിച്ചതിലൂടെ തകർന്ന കണ്ടല സർവീസ് സഹകരണബാങ്കിന്റെ അനുബന്ധ സ്ഥാപനമായ കണ്ടല സഹകരണ ആശുപത്രിയെ ഒടുവിൽ ബാങ്ക് കൈവിടുന്നു. ആശുപത്രി ലീസിനു നൽകാനുള്ള പരസ്യം ബാങ്ക് നൽകി കഴിഞ്ഞു. ഇതോടെ ആശുപത്രിയും ഏതാണ്ട് തകർന്ന നിലയിലായി.
ജനറൽമെഡിസിൻ, ശിശുവിഭാഗം, ഗൈനക്കോളജി, മനോരോഗ ചികിത്സ തുടങ്ങിയ സംവിധാനങ്ങളുള്ള ആശുപത്രിയാണ് ലീസിനു നൽകുന്നത്. ഇതിനായി താൽപര്യമുള്ളവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നതായി സെക്രട്ടറി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് ഇവിടെ നടക്കുന്നത്.
കണ്ടല സർവീസ് സഹകരണ ബാങ്കിൽനിന്ന് സഹകരണ ആശുപത്രിക്കായി മാത്രം വകമാറ്റി ചെലവഴിച്ചത് 25 കോടിയിലേറെ രൂപ. ഇതു ബാങ്കിനുണ്ടായ മൊത്തം നഷ്ടത്തിന്റെ നാലിലൊന്നു വരും. ഇതുകൂടാതെ മരുന്നു വാങ്ങാനെന്ന പേരിലും കോടികൾ ചെലവഴിച്ചിട്ടുണ്ട്. ബാങ്കിൽനിന്നും കോടികളാണ് ആശുപത്രി വികസനത്തിനും ചെലവഴിച്ചതായി കാണിക്കുന്നത്. അതെല്ലാം ചെലരുടെ വായിൽപോകുകയും ചെയ്തു.
2005 മുതൽ 2021 വരെ ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി 22.22 കോടി രൂപയാണ് നിക്ഷേപത്തിൽനിന്ന് വകമാറ്റി ചെലവഴിച്ചതെന്ന് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. നിക്ഷേപത്തിൽനിന്ന് ശമ്പളം കൊടുക്കരുതെന്നു നിയമമുള്ളപ്പോഴാണ് ഇത്രയും തുക വകമാറ്റിയത്. തുടക്കത്തിൽ 50 ലക്ഷം രൂപ ബാങ്കിൽനിന്നു വായ്പയായി ആശുപത്രിക്ക് നൽകിയിട്ടുമുണ്ട്.ബാങ്കിന്റെയും കണ്ടല സഹകരണ ആശുപത്രിയുടെയും സ്ഥാവരജംഗമ വസ്തുക്കളിൽ നിന്നും നിയമവിരുദ്ധമായി 6.75 കോടി വകമാറ്റി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
ആശുപത്രിയുടെ വരവ് ബാങ്കിലടയ്ക്കുകയാണ് മുമ്പു ചെയ്തിരുന്നത്. എന്നാൽ വരവു നോക്കാതെ ബാങ്കിന്റെ നിക്ഷേപങ്ങളിൽ നിന്നാണ് ആശുപത്രിയുടെ ചെലവുകൾ നടത്തിക്കൊണ്ടിരുന്നത്. ഒരു ഓടിട്ട കെട്ടിടത്തിനും പാർക്കിംഗ് സ്ഥലത്തിനും അരലക്ഷം രൂപയിലേറെയാണ് പ്രതിമാസ വാടക. ഇവിടെ കാന്റീനും പേ വാർഡുമാണ് പ്രവർത്തിക്കുന്നത്.
ഇപ്പോഴും വാടകക്കെട്ടിടം ഉപയോഗിക്കുന്നുണ്ട്. ആശുപത്രിയുടെ തുടക്കത്തിൽ ആവശ്യത്തിനനുസരിച്ച് മരുന്നുകൾ കടമായിട്ടാണ് വാങ്ങിയിരുന്നത്. പിന്നീട് കമ്പനികളിൽ നിന്നും വൻതോതിൽ മരുന്നുകൾ മൊത്തവിലയിൽ വാങ്ങിക്കൂട്ടാൻ തുടങ്ങി. മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ നേതൃത്വത്തിലായിരുന്നു മരുന്നു വാങ്ങൽ.
ഇതിനു വലിയ കമ്മീഷനുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇതിനെ തുടർന്നു കാലാവധി കഴിഞ്ഞ 15 ലക്ഷത്തോളം രൂപയുടെ മരുന്നുകൾ നശിപ്പിക്കേണ്ടി വന്നു. ഇതല്ലാതെയും പലപ്പോഴായി മരുന്നുകൾ നശിപ്പിച്ചിട്ടുണ്ട്.
ആശുപത്രി ജീവനക്കാർക്കെന്ന പേരിൽ ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ഏജന്റായി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും നടപ്പാക്കി. ആശുപത്രിയിലെ അനധികൃത നിയമനങ്ങളാണ് വലിയ നഷ്ടത്തിനു പിന്നിൽ. ആശുപത്രിയിൽ 2019-ൽ നിയമനാംഗീകാരം ലഭിച്ച തസ്തികകളിലേക്ക് 2014-ൽ തന്നെ നിയമനം നൽകിയിരുന്നു.
21 പേരെ നിയമവിധേയമല്ലാതെയും 32 പേരെ ദിവസവേതനാടിസ്ഥാനത്തിലും നിയമിച്ചത് അനധികൃതമായാണ്. ഇത്തരം നിയമനങ്ങളും ഇവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ബാങ്കിനെയും ആശുപത്രിയെയും സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചു. കൂടാതെ ഡോക്ടർമാർക്കും അമിത ശമ്പളം നൽകിയതായി ആരോപണമുണ്ട്. ബാങ്ക് തകർന്നതോടെ ആശുപത്രിയിൽ നിന്നുള്ള വരുമാനം ബാങ്കിലടയ്ക്കാതെയായി.
ആശുപത്രിയുടെ വരവു ചെലവ് കണക്കുകൾ പരിശോധിച്ച് ആഴ്ചതോറും റിപ്പോർട്ട് സമർപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർ, ഇന്റേണൽ ഓഡിറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. കണ്ടല സർവീസ് സഹകരണ ബാങ്കിൽ വർഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായി.
സിപിഐ മുൻ നേതാവും മിൽമ അഡ്മിനിസ്ട്രേറ്റീവ് സമിതി കൺവീനറുമായ ഭാസുരാംഗനാണു മൂന്നു പതിറ്റാണ്ടുകാലമായി ബാങ്കിന്റെ ഭരണസമിതിയുടെ തലപ്പത്തുണ്ടായിരുന്നത്. കഴിഞ്ഞ 15 വർഷത്തിലധികമായി തുടരുന്ന കെടുകാര്യസ്ഥതയും ഭരണസമിതിയുടെ ക്രമരഹിതമായ നടപടികളും ധൂർത്തുമാണു ബാങ്കിനെ തകർത്തത്.