ദന്പതികൾതമ്മിൽ തര്‍ക്കം; ഭര്‍ത്താവ് വാഹനങ്ങള്‍ കത്തിച്ചു
1592937
Friday, September 19, 2025 7:16 AM IST
തിരുവല്ലം: പുഞ്ചക്കരിയില്‍ ദമ്പതികളുടെ വഴക്കിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് വാഹനങ്ങള്‍ കത്തിച്ചു. തിരുവല്ലം പുഞ്ചക്കരി വാര്‍ഡ് പേരകം ജംഗ്ഷന് ടി.സി - 57 / 2261 രെഞ്ചു വിഹാറില്‍ വാടകയ്ക്ക് താമസിക്കുന്ന ശരണ്യ-ശങ്കര്‍ ദമ്പതികളുടെ വീട്ടുവഴക്കിനെത്തുടര്ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ശങ്കര്‍ വാഹനങ്ങള്‍ കത്തിച്ചത്.
പിണക്കവും തര്‍ക്കവും നിലനിന്നിരുന്നതിനാല്‍ ശരണ്യ അവരുടെ കുടുംബവീട്ടിലും ശങ്കര്‍ അയാളുടെ കുടുംബ വീട്ടിലുമായിരുന്നു സംഭവ ദിവസം കഴിഞ്ഞിരുന്നത്. ഇതിനിടെ ബുധനാഴ്ച രാത്രി ഇയാള്‍ ശരണ്യയെ ഫോണില്‍ വിളിച്ച് വാടക വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു.
ഈ സമയം ശരണ്യ തിരുവല്ലം പോലീസില്‍ വിളിച്ച് ശങ്കര്‍ വാഹനങ്ങള്‍ കത്തിക്കുവാനായി നില്ക്കുന്നതായി പരാതിപ്പെടുകയും പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ശങ്കറിനെ കാണാത്തതിനാല്‍ മടങ്ങി പോകുകയുമായിരുന്നു. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.15 ഓടെ ശങ്കര്‍ വാടകവീട്ടില്‍ എത്തുകയും അവിടെ പാര്‍ക്ക് ചെയ്തിരുന്ന അയാളുടെ പേരിലുണ്ടായിരുന്ന വാഹനങ്ങൾ തീയിടുകയായിരുന്നു. സമീപവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തിരുവല്ലം പോലീസും വിഴിഞ്ഞത്തുനിന്നും ഫയര്‍ ഫോ ഴ്സ് സംഘവും എത്തിയെങ്കിലും രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിയനിലയിലായിരുന്നു.
പോലീസ് സംഘം സമീപത്തുണ്ടായിരുന്ന തീ പിടിച്ചുതുടങ്ങിയ സ്കൂട്ടറും സൈക്കിളുകളും സമീപത്തെ ഹോസില്‍ നിന്നും വെള്ളമെടുത്ത് അണയ്ക്കുകയും നീക്കം ചെയ്യുകയും ചെ യ്തു. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ വാഹനങ്ങളിലെയും വീടിനുള്ളിലെയും തീ പൂര്‍ണമായും കെടുത്തി. വാഹനങ്ങള്‍ക്കു സമീപം പേപ്പറുകള്‍ കൂട്ടിയിട്ടാണു തീകൊളുത്തിയതെ ന്നുംപോലീസ് പറഞ്ഞു.
ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിരുവല്ലം എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം കസ്റ്റഡിയിലെടുത്ത ശങ്കറിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.