തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണം പൊട്ടിക്കല്‍; കുളത്തൂപ്പുഴ സ്വദേശികളായ നാലംഗസംഘം പിടിയില്‍
1592935
Friday, September 19, 2025 7:16 AM IST
വലിയതുറ: തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെ ദുബായില്‍ നിന്നും 75 പവന് (600 ഗ്രാം) സ്വര്‍ണവുമായെത്തിയ തമിഴ്നാട് വെല്ലൂര്‍ സിഎംസി ആശുപത്രിയ്ക്ക് സമീപം ആര്‍ഡി സ്ട്രീറ്റില്‍ സര്‍ദാര്‍ ബാഷയെ (42) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ആക്രമിച്ച് ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലം കൊളത്തൂപ്പുഴ സ്വദേശികളായ സഹോങ്ങളടക്കം നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കുളത്തൂപ്പുഴ ഗവ. യുപിഎസിനു സമീപം വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് അലി (22), സഹോദരന് മുഹമ്മദ് അഷ്കര്‍ (20), കുളത്തൂപ്പുഴ പിടിഒ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ നെല്ലിമൂട് അഫ്സല് മന്‍സിലില്‍ മുഹമ്മദ് അഫ്സല് (23), കൊല്ലം തിങ്കള്‍കരിക്കകം വലിയേല വട്ടക്കരിക്കകത്ത് ബദനി എല്‍പിഎസിനു സമീപം കൂരിക്കാട്ടില്‍ വീട്ടില്‍ ആല്ബിന് ജോണ്‍ (19) എന്നിവരാണ് പിടിയിലായത്.
സംഘം വാടകയ്ക്കെടുത്ത ഇന്നോവ കാറും പോലീസ് കണ്ടെത്തി. എന്നാല്‍ ഈ സംഘം തട്ടിയെടുത്ത ബാഗില്‍ പഴയ പാസ്പോര്‍ട്ടും വസ്ത്രങ്ങളും മാത്രമാണുണ്ടായിരുന്നതെന്നും മറ്റൊരു ബാഗില്‍ സര്‍ദാര്‍ ബാഷ കടത്തികൊണ്ടുവന്ന 75 പവന് (600 ഗ്രാം) സ്വര്‍ണം തമിഴ്നാട്ടിലെ സംഘം കൊണ്ടുപോയെന്നും പോലീസ് കണ്ടെത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ദാര്‍ തമിഴ്നാട് സംഘത്തിന്റെ കാരിയറാണന്നും പോലീസിനു തെളിവ് ലഭിച്ചു.
തമിഴ്നാട് സംഘത്തെ വെട്ടിച്ചു സ്വര്‍ണം പൊട്ടിക്കാാനായിരുന്നു കുളത്തൂപ്പുഴയിലെ സംഘം എത്തിയത്. മുഹമ്മദ് അലിയുടെയും മുഹമ്മദ് അഷ്കറിന്റെയും ദുബായിലുള്ള സഹോദരനാണ് സര്‍ദാര്‍ ബാഷ സ്വര്‍ണവുമായി തിരുവനന്തപുരത്തു വിമാനമിറങ്ങുന്ന വിവരം ഒരാഴ്ച മുന്‍പ് അറിയിച്ചത്. ഒപ്പം സര്‍ദാര്‍ ബാഷയുടെ ഫോട്ടോയും അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് അഷ്കറിന്റെ നേതൃത്വത്തിലാണ് വാടകയ്ക്കെടുത്ത കാറില്‍ സംഘം വിമാനത്താവള പരിസരത്തെത്തിയത്. വിമാനത്താവള പരിസരത്ത് കാത്തു നിന്ന സംഘം പുറത്തിറങ്ങിയ സര്‍ദാര്‍ ബാഷയെ ആക്രമിച്ച് രണ്ടു ബാഗുകളില്‍ ഒന്നു തട്ടിയെടുക്കുകയായിരുന്നു.
ഇതിനിടെ സര്‍ദാറിനെ കൂട്ടികൊണ്ടു പോകാനെത്തിയ തമിഴ്നാട് സംഘം ആക്രമിച്ചതോടെ കുളത്തൂപ്പുഴ സംഘം കിട്ടിയ ബാഗുമായി രക്ഷപ്പെടുകയായിരുന്നു. സര്‍ദാര്‍ ബാഷയുടെ കൈവശമുണ്ടായിരുന്ന രണ്ടാമെത്ത ബാഗ് ഭദ്രമായി തമിഴ്നാട് സംഘത്തിനു കൈമാറിയെന്നാണ് വിവരം.
എന്നാല്‍ സ്വര്‍ണക്കടത്ത് പുറത്തറിയാതിരിക്കാന്‍ ബാഗ് നഷ്ടമായെന്നു മാത്രമാണു സര്‍ദാര്‍ ആദ്യം പോലീസിനു മൊഴി നല്‍കിയത്. ആവര്‍ത്തിച്ചു ചോദ്യം ചെയ്തതോടെ രണ്ടു ഗ്രാം തൂക്കം വരുന്ന ഒരു ജോഡി കമ്മലും രണ്ടു ഗ്രാം തൂക്കമുള്ള മാലയും 30,000 രൂപയും ബാഗില്‍ ഉണ്ടായിരുന്നതായി മൊഴി മാറ്റി പറഞ്ഞു.
സര്‍ദാര്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍ ആണെന്നു സംശയിക്കാതിരിക്കാനായിരുന്നു ഇത്തരത്തില്‍ കളവ് പറഞ്ഞത്. എന്നാല്‍ പിടിക്കപ്പെട്ട പ്രതികളിലൊരാളുടെ അമ്മയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ ശ്രമം അറിയാമായിരുന്നുവെന്നും സംഭവശേഷം അമ്മയും മകനും തമ്മില്‍ നടന്ന വട്സാപ് ചാറ്റ് സന്ദേശം ലഭിച്ചെന്നും പോലീസ് പറഞ്ഞു.
സിറ്റി പോലീസിന്റെ ഷാഡോ സ്ക്വഡ് എസ്ഐ അജേഷ്, വലിയതുറ എസ്ഐ ഇന്‍സമാം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.