പ്രഫ. എൻ. കൃഷ്ണപിള്ളയുടെ നാടകങ്ങൾ മഹത്തരം: അടൂർ ഗോപാലകൃഷ്ണൻ
1593207
Saturday, September 20, 2025 7:12 AM IST
തിരുവനന്തപുരം: പ്രഫ. എൻ. കൃഷ്ണപിള്ളയുടെ ഭഗ്നഭവനം ഉൾപ്പെടെയുള്ള നാടകങ്ങളുടെ വായനക്കാരനാണ് താൻ എന്ന് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കേരളത്തിന്റെ ഇബ്സണ് എന്നറിയപ്പെടുന്ന പ്രഫ. എൻ. കൃഷ്ണപിള്ളയുടെ നാടകങ്ങൾ അരങ്ങിൽ അവതരിപ്പിക്കുവാൻ പ്രയാസമേറിയവയാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വേദിയിൽ അവതരിപ്പിക്കപ്പെടുന്പോഴും വലിയ വിജയമാവുന്ന നാടകങ്ങളാണ് അവ എന്നും അടൂർ ചൂണ്ടിക്കാട്ടി.
സാംസ്കാരികാചാര്യൻ പ്രഫ. എൻ. കൃഷ്ണപിള്ളയുടെ നൂറ്റിയൊന്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന എൻ. കൃഷ്ണപിള്ള കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നന്ദാവനം പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് നാല് ദിവസം നീണ്ടുനില്ക്കുന്ന കലോത്സവം. ഫൗണ്ടേഷന്റെ പുസ്തകശാലയുടെ ഉദ്ഘാടനവും അടൂർ നിർവഹിച്ചു.
ചടങ്ങിൽ പൂന്താനം, ഇരയിമ്മൻ തന്പി, സ്വാതിതിരുനാൾ എന്നീ പ്രതിഭകളുടെ ഛായാചിത്രങ്ങൾ കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തന്പി അനാഛാദനം മലയാള നാടക പ്രസ്ഥാനത്തെ പുതിയ ദിശയിലേക്കു നയിച്ച നാടകകൃത്താണ് പ്രഫ. എൻ. കൃഷ്ണപിള്ള എന്ന് ശ്രീകുമാരൻ തന്പി പറഞ്ഞു. ചടങ്ങിൽ കൃഷ്ണപിള്ള ഫൗണ്ടേഷൻ ചെയർമാനും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ 36-ാം വാർഷികത്തിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും മുൻ അംബാസഡർ ടി. പി. ശ്രീനിവാസൻ നിർവഹിച്ചു. എഴുത്തുകാരൻ ഡോ. എം. എൻ. രാജൻ, നാടക സംവിധായകനും ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അനന്തപുരി രവി, ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഗോപിനാഥ്, ജി. വിജയകുമാർ (ഫേമസ് ബുക്സ്) തുടങ്ങിയവർ പ്രസംഗിച്ചു.
പിന്നണി ഗായകൻ ജി. ശ്രീറാം സ്മരണാഞ്ജലി അർപ്പിച്ചു. അഭിനേത്രി ലീല പണിക്കർ പങ്കെടുത്തു. ചടങ്ങിനു എഴുത്തുകാരനും ഫൗണ്ടേഷൻ സെക്രട്ടറിയുമായ ഡോ. എഴുമറ്റൂർ രാജരാജവർമ സ്വാഗതം ആശംസിച്ചു. ട്രഷറർ ബി. സനിൽകുമാർ കൃതജ്ഞത പറഞ്ഞു. കലോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി.