വാടക വീട്ടിൽ കള്ളനോട്ട് സൂക്ഷിച്ച യുവാവ് പിടിയിൽ
1593211
Saturday, September 20, 2025 7:12 AM IST
വിഴിഞ്ഞം: വാടക വീട്ടിൽകള്ളനോട്ട് സൂക്ഷിച്ചിരുന്ന യുവാവിനെ തമിഴ്നാട് സ്പെഷൽ ടീം വീട് വളഞ്ഞ് പിടികൂടി. ഇയാളിൽ നിന്ന് മൂന്നരലക്ഷം രൂപയുടെ കള്ളനോട്ടും മൂന്ന് ലക്ഷം രൂപയുടെ നോട്ടിന് സമാനമായ ഫോട്ടോ സ്റ്റാറ്റ് നോട്ടുകളും ഉൾപ്പെടെ പിടികൂടി. പാച്ചല്ലൂരിൽ നിന്ന് കോവളം ആഴാകുളം പെരുമരത്ത് വാടകക്ക് താമസിക്കുന്ന ഷാനു കുമിളി എന്നയാളെയാണ് ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാട്ടിൽ നിന്നുള്ള പത്തംഗ സംഘം പിടികൂടിയത്.
നോട്ടുകെട്ടുകൾ കവറുകളിലാക്കി വീടിന്റെ പുറകിൽ ഒളിപ്പിച്ച നിലയിലായിരുന്നതായി അധികൃതർ പറയുന്നു. കള്ള നോട്ട്മായി തമിഴ്നാട് സ്വദേശിയായ രാം കുമാർ എന്നയാളെ നേരത്തെ ചെന്നൈ പോലീസ് പിടികൂടിയിരുന്നു. ഇയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സംഘം കോവളത്ത് എത്തിയത്. ഗൂഗിൽ പേ വഴി ഒറിജിനൽ പണമയച്ച ശേഷം ഇയാൾ തമിഴ്നാട്ടിൽ പോയി കള്ളനോട്ട് കൈപ്പറ്റിയതായാണറിവ്.
2 ,30000 രൂപക്ക് ആറര ലക്ഷം രൂപ വരെ കൈമാറുകയാണ് പതിവെന്നും പറയപ്പെടുന്നു. മൂന്ന് ലക്ഷം പേപ്പർ നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രമില്ലെന്നും കട്ടി തീരെ കുറഞ്ഞ താണെന്നും അധികൃതർപറയുന്നു. ആകെയുള്ള പന്ത്രണ്ട് പ്രതികളിൽ പ്രധാനി രാംകുമാർ ഉൾപ്പെടെ പതിനെന്ന് പേരെനേരത്തെ പിടികൂടിയിരുന്നു.
ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്ക് ശേഷം ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് പോലീസ് വീട്ടിൽ എത്തി പരിശോധന തുടങ്ങിയത്. നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയുള്ള പരിശോധ രാത്രി ഒൻപതര വരെ തുടർന്നു. കോവളം സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം പ്രതിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.