അവഗണിക്കപ്പെട്ട് നെയ്യാർ ഇടതുകര കനാൽ
1593206
Saturday, September 20, 2025 7:12 AM IST
നെയ്യാർഡാം : നെയ്യാർ ജലസേചന പദ്ധതിയുടെ ഇടതുകര കനാലിന്റെ ശുചീകരണം നിലച്ചെന്ന് ആക്ഷേപം. അഞ്ച് കൊല്ലം മുൻപാണ് അവസാനമായി കനാൽ ശുചീകരിച്ചത്. ഇപ്പോൾ കനാലിനുള്ളിൽ പലേടത്തും വലിയ മരങ്ങൾ വളർന്നു നിൽക്കുന്നു.
മാത്രമല്ല അടിത്തട്ടിൽ വൻതോതിൽ ചെളിയും കെട്ടിക്കിടക്കുന്നുണ്ട്. ഇരുകരകളിലെയും താമസക്കാരിൽ ചിലർ മാലിന്യം വലിച്ചെറിയുന്നതും കനാലിലേക്കാണ്. ചില സ്ഥലങ്ങളിൽ കാലിത്തൊഴുത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുക്കിവിടുന്ന കുഴലുകളും കനാലിലേക്ക് നീളുന്നു. പുല്ലുകൾക്കിടയിലൂടെ കനാലിലേക്കു നീളുന്ന മാലിന്യവാഹിനി കുഴലുകൾ പുറത്തുകാണില്ല. വളർത്തു നായകൾ, പൂച്ചകൾ, കോഴികൾ എന്നിവ ചത്തുകഴിഞ്ഞാൽ കനാലിലേക്ക് തള്ളുന്നതും പതിവായി.
അറവുമാലിന്യങ്ങളും ചാക്കിൽ കെട്ടി കനാലിലൂടെ ഒഴുക്കി വിടാറുണ്ട്. ഇരുകരകളിലും ചെരുവിലും കാട് വളർന്നു കിടക്കുന്നതു കാരണം കനാലിന്റെ ചില ഭാഗങ്ങളിൽ മാത്രമേ വെള്ളം ഒഴുകുന്നത് കാണാനാകുകയുള്ളൂ.
മുൻപ് തൊഴിലുറപ്പ് തൊഴിലാളികൾ ഭാഗികമായി ശുചീകരിച്ചിരുന്നു. ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്. ബ്രാഞ്ച്, സബ് കനാലുകൾ അറ്റകുറ്റ പണികൾ ചെയ്യേണ്ടത് അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കാണ്. എന്നാൽ അവർ അത് ചെയ്യാറില്ല. അതിനാൽ തന്നെ അണക്കെട്ട് തുറന്നാൽ പോലും കർഷകർക്ക് കൃഷിയിടത്തിലേയ്ക്ക് വെള്ളം എത്തിക്കാൻ സാധിക്കുന്നില്ല. ഇടതുകര കനാലിൽ നിന്നാണ് വിവിധ പഞ്ചായത്തുകളിലേയ്ക്ക് കുടിവെള്ള പദ്ധതികളുള്ളത്. പക്ഷേ കനാലുകൾ വഴി വെള്ളം കർഷകർക്ക് എത്തിക്കാൻ കഴിയാത്ത നിലയാണ്.
ഇടതുകര മെയിൻ കനാലിന് 33.82 കി.മീ നീളമുണ്ട്. ഇടതുകര കനാലുകളുടെ ബണ്ടിലൂടെ പലസ്ഥലത്തും നടപ്പാതയും റോഡുമുണ്ട്. കനാലിൽ പാഴ്ച്ചെടികൾ വളർന്ന് റോഡുകളിൽവരെ കാടുകയറിയതോടെ ഇതുവഴിയുള്ള യാത്രക്കാരും ബുദ്ധിമുട്ടിലാണ്. മണ്ണുമൂടിയും കാടുകയറിയും നാശത്തിന്റെ വക്കിലായ കനാൽ നവീകരിക്കാൻ ജലസേചന വകുപ്പ് അധികൃതർ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോട് മാസങ്ങൾക്കു മുൻപ് ആവശ്യപ്പെട്ടിരുന്നു.
ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും അതിർത്തിയിൽ വരുന്ന കനാൽ നവീകരിക്കണമെങ്കിൽ വലിയ തുക ചെലവഴിക്കേണ്ടിവരും. ഇത് ഓരോ പഞ്ചാത്തുകൾക്കും താങ്ങാനാവുന്നതല്ല. അതോടെ അതും നടപ്പായില്ല.