ചിറയിൻകീഴിൽ വൻ രാസലഹരി വേട്ട: 450 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1593201
Saturday, September 20, 2025 7:00 AM IST
ആറ്റിങ്ങൽ: 450 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. കഠിനംകുളം സെന്റ് മൈക്കിൾ സ്കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദിനെ ( 22)ആണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മാരക രാസ ലഹരി വസ്തു ആയ 450 ഗ്രാം എം ഡി എം എ പിടികൂടി.
വിപണിയിൽ ഇരുപത്തി അഞ്ച് ലക്ഷത്തിൽ അധികം വിലയുള്ള മയക്ക് മരുന്ന് ആണ് ഇയാളിൽ നിന്നും പിടികൂടിയത്. ബംഗളൂരുവിൽ നിന്നും ആണ് ഇയാൾ ലഹരി വസ്തു കടത്തി കൊണ്ട് വന്നത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി കെ. സുദർശനന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്ന ഇയാളെ ഇടഞ്ഞിമൂലയിൽ നിന്ന് പിടികൂടുക ആയിരുന്നു. ബാംഗ്ലൂരിൽ ഇയാൾക്ക് ലഹരി എത്തിച്ചു കൊടുത്ത ആളിനെയും സംഘത്തിലെ മറ്റുള്ളവരുടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി കെ. പ്രദീപ്, ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. മഞ്ജുലാൽ ചിറയിൻകീഴ് പോലിസ് ഇൻസ്പെക്ടർ വി.എസ്.അജീഷ്, ചിറയിൻകീഴ് സബ്ബ് ഇൻസ്പെക്ടർ ആർ. മനു, ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ എഫ്. ഫയാസ്, ബി. ദിലീപ്, ആർ. ബിജുകുമാർ, രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലിസ് സംഘം ആണ് അറസ്റ്റിന് നേതൃത്വം നൽകിയത്.